ടെല്‍ അവീവ്: യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായിരിക്കെ ഇന്ന് ചേരുന്ന യു.എന്‍ രക്ഷാ സമിതിക്ക് മുമ്പാകെ വീണ്ടും വെടിനിര്‍ത്തല്‍ പ്രമേയം ചര്‍ച്ചക്കെത്തും.
ലബനന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പുതുതായി പതിനായിരങ്ങളെ ഇസ്രായേല്‍ ഒഴിപ്പിക്കുന്നത് വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിന് മുന്നോടിയാണെന്ന സൂചന ശക്തമാണ്. ഗസയില്‍ കരയുദ്ധത്തിന് തയാറെടുക്കുന്ന ഇസ്രയേല്‍ സേനയ്ക്ക് ഇത് വലിയ ബാധ്യതയാകുമെന്നുമാണ് അമേരിക്ക വ്യക്തമാക്കുന്നത്.
കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തില്‍ നടന്ന യുദ്ധ കാബിനറ്റ് യോഗത്തില്‍ ഇരട്ട യുദ്ധത്തിന്റെ അപകടങ്ങളെക്കുറിച്ച് ബൈഡന്‍ സൂചിപ്പിച്ചു. അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നയിച്ച യുദ്ധത്തിന്റെ വിനാശകരമായ ഫലത്തെപ്പറ്റി യുദ്ധ കാബിനറ്റില്‍ ബൈഡന്‍ വിശദമായി സംസാരിച്ചു.
എന്നാല്‍ ഹിസ്ബുള്ളക്ക് നേരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ലബനനിലെ അവരുടെ കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ ആക്രമണം നടത്തണമെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉള്‍പ്പെടെ യുദ്ധ കാബിനറ്റിലെ ഒരു വിഭാഗം തീവ്രപക്ഷക്കാരുടെ നിലപാട്.
അതിനിടെ ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടുതല്‍ കടുപ്പിച്ചതോടെ മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ 380 പേരാണ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആകെ മരണം 4700 കടന്നു. ഗസയിലെ 35 ആശുപത്രികളില്‍ 20 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനം എത്തിയില്ലെങ്കില്‍ ആയിരത്തിലേറെ രോഗികള്‍ മരണപ്പെടുമെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഖത്തറിന്റെ നേതൃത്വത്തില്‍ ബന്ദികളുടെ മോചന ചര്‍ച്ചകള്‍ തുടരുന്നുണ്ട്. കരയുദ്ധം നീളുന്നത് ബന്ദി പ്രശ്നം മുന്‍നിര്‍ത്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ പക്ഷെ, ഇസ്രയേല്‍ സൈന്യം തള്ളി. അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിന്റെയും സമ്മര്‍ദം ഇക്കാര്യത്തില്‍ ഇല്ലെന്നും സൈനിക വക്താവ് പറഞ്ഞു.
മാസങ്ങള്‍ വേണ്ടി വന്നാലും ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അതിനിടെ ഷെല്ലാക്രമണത്തില്‍ ഒമ്പത് ഈജിപ്ത് സൈനികര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഇസ്രയേല്‍ മാപ്പ് പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണിതെന്ന് സൈന്യം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.