കോട്ടയം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അനുഭവിച്ച വേദനകള്‍ ഒരു മകള്‍ എന്ന നിലയില്‍ തനിക്കും ഒരുപാട് നിരാശകള്‍ നല്‍കിയിരുന്നുവെന്ന് അച്ചു ഉമ്മന്‍. രാഷ്ട്രീയം മനസുകൊണ്ട് വെറുത്ത് പോയ ഒരു സമയമായിരുന്നു അതെന്നും അച്ചു ഉമ്മന്‍ പറയുന്നു. ഒരു മാധ്യമത്തിന്‍ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയ എതിരാളികളുടെ ആശയങ്ങളെ വിമര്‍ശിക്കാം, രാഷ്ട്രീയത്തെ എതിര്‍ക്കാം. ഇവിടെ അതാണോ നടന്നതെന്നും അച്ചു ചോദിക്കുന്നു. ഇത്തരം തരംതാണ സംസ്‌കാരത്തിലേക്ക് രാഷ്ട്രീയത്തെ കൊണ്ടുവരുന്നത് നാടിനോ നാട്ടുകാര്‍ക്കോ ഒന്നും ഗുണം ചെയ്യില്ല. ഒടുവില്‍ സോളാര്‍ കേസ് വെറും വേട്ടയാടല്‍ ആയിരുന്നെന്നു ജനം തിരിച്ചറിഞ്ഞു. സിബിഐ റിപ്പോര്‍ട്ട് എട്ട് മാസം മുന്‍പു കയ്യില്‍ കിട്ടിയിട്ടും അതു പുറത്തുവിടാതിരുന്നത് അപ്പയുടെ മനസിന്റെ വലുപ്പമാണ് കാണിക്കുന്നത്.
ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ക്കു പോലും താന്‍ കാരണം ഒരു കുഴപ്പവും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്നു.സഹപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നു കൊടുത്ത് എല്ലാ കാര്യങ്ങളും ഉള്ളിലൊതുക്കുന്ന ആളായിരുന്നു അപ്പ. വീട്ടിനുള്ളിലും ഒരു വിഷമവും പങ്കുവച്ചില്ല. ചിരിച്ചാണ് ഇരിക്കുന്നതെങ്കിലും ഉള്ളു നീറുന്നുണ്ടെന്ന് തനിക്കറിയാമായിരുന്നു. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഒരുപാട് ബാധിച്ചെന്നും തോന്നിയിട്ടുണ്ട്. പറയാതെ വച്ച ധാരാളം കാര്യങ്ങളുണ്ടാകും. അത് ഉമ്മന്‍ചാണ്ടിയുടെ നന്മയാണെന്നു ലോകം തിരിച്ചറിഞ്ഞുവെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
സിബിഐ റിപ്പോര്‍ട്ട് തന്നെ ഒരു രീതിയിലും ഞെട്ടിച്ചിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്ന് നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. തനിക്കു മാത്രമല്ല അപ്പയെ അറിയുന്ന എല്ലാവര്‍ക്കും അതങ്ങനെയായിരുന്നു. പക്ഷെ തന്നെ ഞെട്ടിച്ചതു മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലാണെന്നും അവര്‍ പറയുന്നു. ഇന്ത്യയിലെ ഏതു വ്യക്തിയുടെയും നീതികിട്ടാനുള്ള അവസാന അത്താണിയാണ് ജുഡീഷ്യല്‍ സിസ്റ്റം. അതിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വെളിപ്പെടുത്തലായിരുന്നു അദ്ദേഹം നടത്തിയത്. അതില്‍ സമഗ്രമായ ഒരു അന്വേഷണം വേണമെന്നാണ് തന്റെ ആവശ്യമെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കുമെന്നും കോട്ടയമോ പത്തനംതിട്ടയോ ആകും മണ്ഡലമെന്ന പ്രചരണങ്ങള്‍ക്കും അച്ചു ഉമ്മന്‍ മറുപടി നല്‍കി. താന്‍ രാഷ്ട്രീയത്തിലേക്കില്ല. കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണ്. നെപ്പോട്ടിസം ആയതു കൊണ്ടാണോ വരാന്‍ മടിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. അപ്പ ജീവിച്ചിരിക്കുമ്പോള്‍ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ നോക്കുമ്പോഴല്ലേ അത് നെപ്പോട്ടിസം ആകുന്നത്. ഇത് അങ്ങനെയല്ല. കുടുംബത്തില്‍ നിന്ന് ഒരാള്‍ മതി രാഷ്ട്രീയത്തിലെന്നത് അപ്പയുടെ തീരുമാനമായിരുന്നു. ആ കാഴ്ചപ്പാട് താനും അംഗീകരിക്കുന്നുവെന്ന് അച്ചു വ്യക്തമാക്കുന്നു.
സൈബര്‍ അറ്റാക്കുകളിലൂടെ ഇല്ലാതാകുന്നത് രാഷ്ട്രീയത്തിന്റെ മാന്യതയാണ്. രാഷ്ട്രീയമോ സിനിമയോ ബിസിനസോ ഏത് മേഖലയിലും സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തില്‍ രൂക്ഷമായ ആക്രമണം നടക്കുന്നത്. ഇതിനെതിരെ മിണ്ടാതിരുന്നിട്ട് കാര്യമില്ല. കേസ് നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ആക്രമിക്കാനുള്ള ഊര്‍ജം എതിരാളികള്‍ക്ക് ലഭിക്കും. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ട് ഒരു വര്‍ഷവും ഒന്‍പതു മാസവും കഴിഞ്ഞിരുന്നു. അതുവരെ ഉണ്ടാകാത്ത പ്രശ്‌നം എങ്ങനെയാണ് പെട്ടെന്നുണ്ടാകുന്നതെന്നും അച്ചു ഉമ്മന്‍ ചോദിക്കുന്നു.
തന്റെ ജോലിയെക്കുറിച്ച് അവര്‍ക്കുള്ള അറിവില്ലായ്മയാണെന്നു കരുതി ഒരു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടു. പക്ഷേ പിന്നീടാണ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. ചിലര്‍ തന്നോട് അക്കൗണ്ട് ലോക്ക് ചെയ്യാന്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലാത്തതു കൊണ്ടു തന്നെ ലോക്ക് ചെയ്ത് പേടിച്ചിരിക്കാനും താന്‍ തയാറായില്ല. ഫെയ്ക്ക് അക്കൗണ്ടുകളില്‍ നിന്നു തുടങ്ങിയ ആക്രമണം പിന്നീടു യഥാര്‍ഥ പ്രൊഫൈലുകളില്‍ നിന്നും വന്നു തുടങ്ങി. ഉത്തരവാദിത്തപ്പെട്ട പദവികളിലിരിക്കുന്നവര്‍ ആണെന്നു മനസിലാക്കിയതോടെ കണ്ണടച്ചു വിടേണ്ടതല്ലെന്നു തിരിച്ചറിഞ്ഞു. അങ്ങനെയാണ് കേസ് കൊടുത്തതെന്നും മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.