കെ.എസ്.യു ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ സഹപാഠികള്‍ക്കൊപ്പം.
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കേരളവര്‍മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം. കേരളവര്‍മയില്‍ ചെര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ വിജയിച്ചെങ്കിലും എസ്.എഫ്.ഐ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ റീകൗണ്ടിങില്‍ ഫലം മാറിമറിഞ്ഞതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
എസ്.എഫ്.ഐയെ ജയിപ്പിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ ഒത്തുകളിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു അറിയിച്ചു.
റീകൗണ്ടിങിന്റെ പേരില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്തത്. അസാധു വോട്ടുകള്‍ എസ്.എഫ്.ഐക്ക് അനുകൂലമായി എണ്ണിയതാണ് ഫലം മാറാനിടയാക്കിയത്. എസ്.എഫ്.ഐയെ ജയിപ്പിക്കാന്‍ ഇടത് അനുഭാവമുള്ള അധ്യാപകര്‍ ഒത്തുകളിച്ചെന്നും കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു.
കേരള വര്‍മയിലെ സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. എന്ത് കാരണത്താല്‍ കെ.എസ്.യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ്.എഫ്.ഐക്ക് ലഭിച്ച വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചു കയറിയ എസ്.എഫ്.ഐ ക്രിമിനലുകള്‍ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും അദേഹം പറഞ്ഞു. കേരള വര്‍മ കോളജിലെ വിദ്യാര്‍ഥികളുടെ തീരുമാനം അംഗീകരിക്കാതെ പാതി രാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു തൃശൂര്‍ ശ്രീ കേരള വര്‍മ കോളജില്‍ ചെയര്‍പേഴ്സണ്‍ സീറ്റില്‍ കെ.എസ്.യു വിജയം നേടിയത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിങില്‍ 11 വോട്ട് ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.