കടന്നു കയറ്റം തടയല്‍: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 'തേനീച്ച കൃഷി'യുമായി ബിഎസ്എഫ്

കടന്നു കയറ്റം തടയല്‍: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 'തേനീച്ച കൃഷി'യുമായി ബിഎസ്എഫ്

കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തേനീച്ച കൂട് സ്ഥാപിച്ച് അതിര്‍ത്തി രക്ഷാസേന. പശ്ചിമ ബംഗാളിലെ അതിര്‍ത്തി മേഖലയില്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും കാലിക്കടത്തിനും മറ്റുമായി അതിര്‍ത്തി വേലി മുറിക്കുന്നത് തടയുന്നതിനുമാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) നടപടി.

അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തേനീച്ച കൃഷിയിലൂടെ പ്രാദേശിക ജനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ട് നാദിയ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫിന്റെ 32-ാം ബറ്റാലിയന്‍ അടുത്തിടെ ആരംഭിച്ച ആദ്യ സംരംഭമാണിതെന്ന് ബിഎസ്എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. പശ്ചിമ ബംഗാളില്‍ ഇത് ഏകദേശം 2,217 കിലോ മീറ്ററാണ്. പദ്ധതിക്കായി ആയുഷ് മന്ത്രാലയത്തെ ബിഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് (വിവിപി) കീഴിലാണ് ആയുഷ് മന്ത്രാലയത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.

ഈച്ചകള്‍ക്ക് തേന്‍ സുലഭമാക്കുന്നതിന് സമീപത്ത് ഔഷധ സസ്യ കൃഷിയും നടത്തും. ഇതിനായി കര്‍ഷകര്‍ക്ക് സസ്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഔഷധ സസ്യങ്ങള്‍ നല്‍കാന്‍ ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് 32-ാം ബിഎസ്എഫ് ബറ്റാലിയന്റെ കമാന്‍ഡന്റ് സുജീത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

തേനീച്ച പെട്ടികള്‍ക്ക് ചുറ്റും പൂക്കള്‍ നിറഞ്ഞ ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് മൂലം തേനീച്ചകള്‍ക്ക് സമൃദ്ധമായി പരാഗണം നടത്താനും കഴിയും. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വേലിയില്‍ തേനീച്ചക്കൂടുകള്‍ കെട്ടുന്നതിനുള്ള ആശയം നവംബര്‍ രണ്ടിനാണ് കൊണ്ടുവന്നത്.

തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രദേശവാസികള്‍ക്ക് ഈ തേനീച്ച പെട്ടികള്‍ ഉപയോഗിക്കാം. ഈ സംരംഭത്തിന് ഗ്രാമീണരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സുജീത് കുമാര്‍ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.