ന്യൂഡല്‍ഹി: മിസോറാമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തിസ്ഗഢില്‍ രണ്ട് ഘട്ടങ്ങിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 17 നാണ് അടുത്ത ഘട്ടം. മാവോയിസ്റ്റ്-നക്‌സല്‍ ഭീഷണി ശക്തമായി തുടരുന്നതിനാല്‍ കനത്ത കാവലിലാണ് ഛത്തിസ്ഗഢിലെ വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 40 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി 5,304 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 60,000 ത്തില്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ബസ്തര്‍ ജില്ലയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
2018 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ന് ജനവിധി എഴുതുന്ന 20 മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്വാധീനമുള്ളത് രാജ്‌നന്ദഗാവില്‍ മാത്രമാണ്. പ്രീപോള്‍ സര്‍വേകളില്‍ അധികവും കോണ്‍ഗ്രസിന് തുടര്‍ ഭരണമാണ് പ്രവചിക്കുന്നത്.
ഛത്തിസ്ഗഢിലെ അന്തഗഢ്, ഭാനുപ്രതാപ്പൂര്‍, കാങ്കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കോണ്ട എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് വോട്ടെടുപ്പ്. ബസ്തര്‍, ജഗദല്‍പൂര്‍, ചിത്രകോട്ട് എന്നിവിടങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും വോട്ടെടുപ്പ് നടക്കും.
മിസോറമില്‍ രാവിലെ ഏഴിനാരംഭിക്കുന്ന പോളിങ് വൈകുന്നേരം നാലിന് അവസാനിക്കും. നാല്‍പ്പത് മണ്ഡലങ്ങളിലായി എട്ടര ലക്ഷത്തിലേറെ വോട്ടര്‍മാരാണ് മിസോറമിലുള്ളത്. ആകെ 174 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.