കൊച്ചി: കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് ഓണ്‍ലൈനായി എല്‍എല്‍ബി പഠിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജയിലിലാണെങ്കിലും അഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികളില്‍ ഉദേശിക്കുന്ന പരിവര്‍ത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ തടവുകാരില്‍ ഉണ്ടാക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. തടവില്‍ കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുമ്പോള്‍ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാന്‍ വിദ്യാഭ്യാസം അവരെ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ ചീമേനിയിലെ തുറന്ന ജയിലിലെ സുരേഷ് ബാബു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വി. വിനോയ് എന്നിവരാണ് പഠനത്തിനായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2023-24 അധ്യയന വര്‍ഷത്തെ എല്‍എല്‍ബി പ്രവേശന പരീക്ഷ ഇരുവരും വിജയിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ കോഴ്സിന് സുരേഷ് ബാബുവിന് മലപ്പുറം കെഎംസിടി ലോ കോളജിലും വിനോയിക്ക് അഞ്ച് വര്‍ഷത്തെ കോഴ്‌സിന് എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളജിലുമാണ് പ്രവേശനം ലഭിച്ചത്.
ഫീസടയ്ക്കാനും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി കോളജിലെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഇവരുടെ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍ ഓണ്‍ലൈനായി പഠിക്കണമെന്ന ആവശ്യത്തെ പ്രവേശനം നേടിയ കോളജുകള്‍ ഉള്‍പ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും എംജി യൂണിവേഴ്‌സിറ്റിയുടെയും അഭിഭാഷകര്‍ എതിര്‍ത്തു. ഓണ്‍ലൈന്‍ എല്‍എല്‍ബി കോഴ്സുകള്‍ക്ക് നിരോധനമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കോടതി ഉത്തരവുണ്ടെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന നിലപാടാണ് ഇരു കോളജുകളുടെയും പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.