കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സംസ്‌കൃതി പുരസ്‌കാരം പ്രഫ. എം. തോമസ് മാത്യുവിന്

കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സംസ്‌കൃതി പുരസ്‌കാരം പ്രഫ. എം. തോമസ് മാത്യുവിന്

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2023 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയില്‍, ഷീല ടോമി, പൗളി വത്സന്‍, അഭിജിത് ജോസഫ്, ജോര്‍ജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയില്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

കെസിബിസി മീഡിയ സംസ്‌കൃതി പുരസ്‌കാരമാണ് ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിന് നല്‍കുന്നത്. നിരൂപകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ ദാര്‍ശനിക ഗരിമയുള്ള കാവ്യഭാഷ കൊണ്ടു മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയര്‍ത്തിയെന്ന് ജൂറി വിലയിരുത്തി.

മലയാള ലിപി പാഠ്യപദ്ധതിയില്‍ തിരികെ എത്തിക്കുന്നതുള്‍പ്പെടെ, ഭാഷയ്ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണു റവ. ഡോ. തോമസ് മൂലയിലിന് കെസിബിസി മീഡിയ ദാര്‍ശനിക- വൈജ്ഞാനിക പുരസ്‌കാരം നല്‍കുന്നത്.

കോളജ് പ്രിന്‍സിപ്പലും സജീവ സാമൂഹ്യ, സാംസ്‌കാരിക, സഭാ പ്രവര്‍ത്തകനുമായ പ്രഫ. തോമസ് കൈമലയില്‍, അരനൂറ്റാണ്ടോളമായായുള്ള അരങ്ങിലെ മികവിന് സംസ്ഥാന, സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ നേടിയ ജോര്‍ജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിക്കും.

'വല്ലി' എന്ന നോവലിലൂടെ സാഹിത്യ ലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിയ്ക്കാണ് കെസിബിസി സാഹിത്യ അവാര്‍ഡ്. നാടക, സിനിമാ മേഖലകളില്‍ അഭിനയമികവിന്റെ മുദ്രപതിപ്പിച്ച് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയ നടി പൗളി വത്സന് കെസിബിസി മീഡിയ അവാര്‍ഡ് നല്‍കും.

സംവിധാന രംഗത്ത് ആദ്യ സിനിമയിലൂടെ തന്നെ (ജോണ്‍ ലൂഥര്‍ )ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിന് കെസിബിസി മീഡിയ യുവ പ്രതിഭ പുരസ്‌കാരമാണ് നല്‍കുക.

ഡിസംബര്‍ ആറിന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.