'യുദ്ധാനന്തരം വെസ്റ്റ് ബാങ്കിനൊപ്പം ഗാസയെയും ചേര്‍ത്ത് പാലസ്തീന്‍ അതോറിറ്റി ഭരണം നടത്തണം': നയം വ്യക്തമാക്കി അമേരിക്ക

 'യുദ്ധാനന്തരം വെസ്റ്റ് ബാങ്കിനൊപ്പം ഗാസയെയും ചേര്‍ത്ത് പാലസ്തീന്‍ അതോറിറ്റി ഭരണം നടത്തണം': നയം വ്യക്തമാക്കി അമേരിക്ക

'ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശേഷമുള്ള ഭരണം പാലസ്തീനികളുടെ ശബ്ദങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നതാകണം'- ആന്റണി ബ്ലിങ്കന്‍.

ടോക്യോ: ഇസ്രയേല്‍-ഹമാസ് യുദ്ധാനന്തരം ഗാസയെ വെസ്റ്റ് ബാങ്കുമായി ചേര്‍ത്ത് പ്രദേശത്തിന്റെ ഭരണം പാലസ്തീന്‍ അതോറിറ്റിയെ ഏല്‍പ്പിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

ടോക്കിയോയില്‍ നടന്ന വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ബ്ലിങ്കന്‍ അമേരിക്കയുടെ നയം വ്യക്തമാക്കിയത്. മേഖലയില്‍ സമാധാന അന്തരീക്ഷം കൈവരിക്കാന്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.

'സംഘര്‍ഷത്തിന്റെ അവസാനം കുറച്ച് പരിവര്‍ത്തന കാലയളവ് ആവശ്യമായിരിക്കാം, എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശേഷമുള്ള ഭരണം പാലസ്തീനികളുടെ ശബ്ദങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നതാകണം'- ബ്ലിങ്കന്‍ പറഞ്ഞു.

ഗാസയിലെ യുദ്ധം അവസാനിച്ചാലും പ്രദേശത്തിന്റെ സുരക്ഷിതത്വം ഏറ്റെടുത്ത് ഇസ്രയേല്‍ സൈന്യം അവിടെ തുടരുമെന്നും പൂര്‍ണമായി എപ്പോള്‍ പിന്‍മാറുമെന്ന് പറയാനാകില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ആയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

ഗാസയ്‌ക്കൊപ്പം വെസ്റ്റ് ബാങ്കിനെയും ചേര്‍ത്ത് പാലസ്തീന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഏകീകൃത ഭരണ സംവിധാനം ഏര്‍പ്പെടുത്തുക എന്ന ആശയത്തോട് യോജിക്കാന്‍ അറബ് രാഷ്ട്രങ്ങളുടെ മേലും അമേരിക്ക സമ്മര്‍ദ്ദം നടത്തുന്നുണ്ട്.

എന്നാല്‍ പുതിയ യുദ്ധാനന്തര ക്രമീകരണം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ബ്ലിങ്കന്‍ നല്‍കിയില്ല. ഹമാസിന്റെ ഭരണം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞാലും വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ മാത്രം നിയന്ത്രിക്കുന്ന പാലസ്തീന്‍ അതോറിറ്റി പുനസംഘടിപ്പിച്ച് ഗാസയുടെ കൂടി ഭരണമേല്‍പ്പിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല.

പാലസ്തീന്‍ അതോറിറ്റി നേതാവ് മഹ്മൂദ് അബ്ബാസിന്റെ ജനപ്രീതിയില്ലായ്മയാണ് പ്രധാന പ്രതിസന്ധി. പല പലസ്തീനികളും അദേഹത്തെ അഴിമതിക്കാരനായും നേതൃപാടവം ഇല്ലാത്ത വ്യക്തിയായുമാണ് കാണുന്നത്.

സമാധാന ചര്‍ച്ചകളിലൂടെ സ്വാതന്ത്ര്യം നേടാനുള്ള അദേഹത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ഭൂരിപക്ഷം പേരും പറയുന്നു. സര്‍വ്വ സമ്മതനായ പുതിയ നേതാവിനെ പെട്ടന്ന് കണ്ടെത്തുക എന്നതും എളുപ്പമല്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.