നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു; അന്ത്യം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു; അന്ത്യം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

കൊച്ചി: സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് (61) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ് സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായിരുന്നു.

പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി.

1990 ല്‍ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമാ രംഗത്തെത്തിയത്. 2001 ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ 'ഈ പറക്കും തളിക'യിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളായിരുന്നു.

സിനിമകള്‍ കൂടാതെ അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്സും പിന്നെ ഞാനും' അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.