മണിക്കൂറുകൾ കൊണ്ട് ഇസ്രയേലിലെത്തി; 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ ചുണ്ടനക്കാൻ; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

മണിക്കൂറുകൾ കൊണ്ട് ഇസ്രയേലിലെത്തി; 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ ചുണ്ടനക്കാൻ; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കൊച്ചി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയാൻ 80 ദിവസമെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസക്കാലത്തേക്ക് കേന്ദ്ര മന്ത്രിമാരാരും തന്നെ സംസ്ഥാനം സന്ദർശിക്കാൻ ശ്രമിച്ചില്ല

ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എഴുതിയ 'മണിപ്പൂർ എഫ്ഐആർ'എന്ന പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു. മണിപ്പൂരിലെ ആക്രമണങ്ങൾ മുഖ്യധാര മാധ്യമങ്ങൾ പോലും അവഗണിക്കുകയോ റിപ്പോർട്ട് ചെയ്യാൻ മടിക്കുകയോ ചെയ്‌ത സാഹചര്യത്തിലാണ് ജോർജ് അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ മുന്നോട്ട് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി മണിപ്പൂരിൽ അക്രമം തുടരുകയാണ്.

ഇസ്യേൽ - പാലസ്‌തീൻ കലാപം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിലെത്തിയ മാധ്യമങ്ങൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് മുൻനിര മാധ്യമങ്ങളുടെ താത്‌പര്യങ്ങളും മുൻഗണനകളുമാണ് വ്യക്തമാക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാൻ കാലതാമസം എടുത്തു എന്ന് മാത്രമല്ല ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതിന് പകരം അവിടെ നടന്ന അരുംകൊലകൾ പകർത്തി ലോകത്തിന് മുന്നിൽ കൊണ്ടുവന്നവർക്കെതിരെയാണ് സർക്കാർ കേസെടുത്തതെന്നും പിണറായി വിജയൻ ആരോപിച്ചു.

കലാപത്തിൽ ഇതുവരെ 200 ലധികം പേർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചതായും റിപ്പോർട്ടുകൾ ഉദ്ധരിച്ച് അദേഹം കൂട്ടിച്ചേർത്തു. മന്ത്രി പി രാജീവ്, കെ വി തോമസ്, എംപിമാരായ ഹൈബി ഈഡൻ, എ എം ആരിഫ്, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, കെ സി ജോസഫ്, റോജി എം ജോൺ, മുൻ നയതന്ത്രജ്ഞൻ വേണു രാജാമണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയിൽ നിന്നും പുസ്‌തകം ഏറ്റുവാങ്ങിയത്.

മണിപ്പൂർ എഫ്ഐആർ

മണിപ്പുരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ട മേയ് മൂന്നു മുതൽ രാക്ഷസരൂപം പ്രാപിച്ച ദുരന്തത്തിന്റെ നേർചിത്രമാണ് ജോർജ് കള്ളിവയലിൽ എഴുതിയ ‘മണിപ്പുർ എഐആർ’ എന്ന പുസ്തകം. മെയ്തെയ്, കുക്കി മേഖലകളിലൂടെയുള്ള യാത്രകളിൽ നേരിൽ കണ്ടതും കേട്ടതും അന്വേഷിച്ചു കണ്ടെത്തിയതും 35 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനിടെ വിവിധ ലോകരാജ്യങ്ങളിലൂടെയുള്ള യാത്രയിൽ ഇന്നേവരെ കാണാത്ത കാര്യങ്ങളായിരുന്നുവെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.

ജോർജ് കള്ളിവയലിൽ

കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടം കള്ളിവയലിൽ കെ.എ. ഏബ്രഹാം-അമ്മിണി ദമ്പതികളുടെ മകനാണ്. ചേറ്റുതോട് ഫാത്തിമ മാതാ എൽപി സ്‌കൂൾ, കാഞ്ഞിരപ്പള്ളി എകെജെഎം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, അരുവിത്തുറ സെന്റ് ജോർജ് കോളേജ്, പാലാ സെന്റ് തോമസ് കോളജ്, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം.

ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും 2002 മുതൽ ഡൽഹി ബ്യൂറോ ചീഫുമാണ്. ഇന്ത്യ ഹെൽത്ത് ഇംഗ്ലീഷ് ഡയറക്ടറി, ഇന്ത്യൻ ക്രിസ്ത്യൻ ഡയറക്ടറി ഫോർ ദ ന്യൂ മിലേനിയം എന്നിവയുടെ എഡിറ്ററായി പ്രവൃത്തിച്ചു. പത്രപ്രവർത്തന മികവിനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം, അമേരിക്കയിലെ സൗത്ത് ഇന്ത്യൻ-യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ജേർണലിസ്റ്റ് ഓഫ് ദ ഡെക്കേഡ് അവാർഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, വേൾഡ് മലയാളി കൗൺസിൽ, അമേരിക്കയിലെ ഫൊക്കാന, ഫോമ എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഭാര്യ: സിന്ധു ജോർജ്. മക്കൾ: ഡോ. ഏബ്രഹാം, ജേക്കബ്, ആന്റണി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.