നെല്ല് സംഭരണത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളി; കേന്ദ്രം കൂട്ടിയ 1.43 രൂപ സംസ്ഥാനം വെട്ടിക്കുറച്ചു

നെല്ല് സംഭരണത്തില്‍ സര്‍ക്കാരിന്റെ  കള്ളക്കളി; കേന്ദ്രം കൂട്ടിയ 1.43 രൂപ സംസ്ഥാനം വെട്ടിക്കുറച്ചു

തിരുവനന്തപുരം: നെല്‍ കര്‍ഷകരെ സഹായിക്കുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നെല്ലു സംഭരണത്തിനുള്ള സംസ്ഥാന വിഹിതത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളി.

നടപ്പുവര്‍ഷം കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചെങ്കിലും ആനുപാതികമായി സംസ്ഥാന വിഹിതം ഉയര്‍ത്തിയില്ല എന്നു മാത്രമല്ല, നിലവില്‍ നല്‍കുന്ന സംസ്ഥാന വിഹിതത്തില്‍ നിന്ന് തത്തുല്യ തുക വെട്ടിക്കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ കിലോയ്ക്ക് 28.20 രൂപയ്ക്കാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നത്. ഇതില്‍ 20.40 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം നെല്ലിന്റെ താങ്ങു വിലയില്‍ കേന്ദ്രം 1.43 രൂപ വര്‍ധന വരുത്തി.

ഇതോടെ കേന്ദ്ര വിഹിതം 21.83 രൂപ ആയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 6.37 രൂപയായി വെട്ടിക്കുറച്ച് സംഭരണവില അതേപടി നിലനിര്‍ത്തി. കേന്ദ്ര വിഹിതത്തിന് ആനുപാതികമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ പോലും വിഹിതം അതേപടി നിലനിര്‍ത്തിയിരുന്നെങ്കില്‍ കര്‍ഷകനുള്ള സംഭരണവില 29.63 രൂപയായി ഉയര്‍ത്താമായിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ കര്‍ഷകരോ കര്‍ഷക സംഘടനകളോ പ്രതികരിച്ചിട്ടില്ല. നേരത്തേ സംഭരിച്ച നെല്ലിന്റെ തുകയാണ് ഇപ്പോള്‍ പി.ആര്‍.എസ് വായ്പയായി നല്‍കി വരുന്നത്. നെല്ലിന്റെ താങ്ങു വിലയിലെ കേന്ദ്രവിഹിതം കഴിഞ്ഞ രണ്ടുതവണ വര്‍ധിപ്പിച്ചപ്പോഴും കേരളം വിഹിതം കുറയ്ക്കുകയായിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റില്‍ നെല്‍ക്കൃഷി വികസനത്തിന് 116 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 60 കോടി ഹെക്ടറിന് 5500 രൂപവീതം നെല്‍ക്കര്‍ഷകര്‍ക്കുള്ള സഹായ ധനമാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ 5000 മുതല്‍ 10,000 രൂപ വരെ അധിക സഹായം നല്‍കുമെന്നും ഇതിനുപുറമേ ഹെക്ടറിന് 2000 രൂപ വീതം റോയല്‍റ്റിയായും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. 10 രൂപ സംസ്ഥാനം സബ്‌സിഡി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.