പത്തനാപുരം: സീനിയര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (84) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിൽ ഇന്നലെ രാത്രി 7.35ന് ആയിരുന്നു അന്ത്യം. 2013 മുതല്‍ ഇവിടെ അന്തേവാസിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും.
കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. പുലിയന്നുര്‍ വിജയന്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് ചങ്ങനാശ്ശേരി എല്‍പിആര്‍ വര്‍മ്മയുടെ പക്കല്‍ നിന്നും സംഗീതം അഭ്യസിച്ചു. മുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പതിനഞ്ചാം വയസ്സിൽ ആലപ്പി വിൻസെന്റിന്റെ ’കെടാവിളക്ക്’ എന്ന ചിത്രത്തിൽ ’’താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി’’ എന്ന ഗാനം പാടിയാണ് മലയാള സിനിമാരംഗത്തേക്കു കടന്നുവന്നത്. അത് പാലായിലെ സാംസ്‌കാരിക വേദികളില്‍ സജീവമാകാന്‍ അവരെ സഹായിച്ചു. അങ്ങനെയാണ് പാലാ തങ്കം എന്ന പേരു വീണത്. ആദ്യമായി എന്‍ എന്‍ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിച്ചത്. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സ് എന്നിവയിലും തുടർന്ന് കെ.പി.എ.സി.യിലും അഭിനയിച്ചു. തുറക്കാത്ത വാതിൽ, ഇന്നല്ലെങ്കിൽ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകുകയും ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്ത ചിത്രങ്ങളും ഇതിൽപ്പെടും.
കേരള സംഗീതനാടക അക്കാദമി 2018-ൽ ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചു. ഭർത്താവ് കേരള പോലീസിൽ എസ്.ഐ. ആയിരുന്ന പരേതനായ ശ്രീധരൻ തമ്പിയാണ്. മക്കൾ സോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി, പരേതയായ അമ്പിളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.