നൂറ് മണിക്കൂറോളമായി 40 തൊഴിലാളികള്‍ തുരങ്കത്തില്‍ തന്നെ; പലര്‍ക്കും ശാരീരികാസ്വസ്ഥതകള്‍: രക്ഷാ പ്രവര്‍ത്തനത്തിന് അമേരിക്കന്‍ ആഗറും

നൂറ് മണിക്കൂറോളമായി 40 തൊഴിലാളികള്‍ തുരങ്കത്തില്‍ തന്നെ; പലര്‍ക്കും ശാരീരികാസ്വസ്ഥതകള്‍: രക്ഷാ പ്രവര്‍ത്തനത്തിന് അമേരിക്കന്‍ ആഗറും

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം അഞ്ചാം ദിവസവും തുടരുന്നു. നൂറ് മണിക്കൂറോളമായി 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇവര്‍ക്ക് ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ മനസാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തി വരുന്നു. തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം പരമാവധി വേഗത്തിലാക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് ഉപകരണമായ 'അമേരിക്കന്‍ ആഗര്‍' കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ട്. 4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള അമേരിക്കന്‍ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രി മുതല്‍ ഉപകരണം വെച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മൂന്ന് മീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതിക തകരാറുണ്ടായത് തിരിച്ചടിയായി.

തുരങ്കത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരിക്കന്‍ ആഗര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മില്ലീമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപ്പുകള്‍ കടത്തി വിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വരുമെന്നാണ് നഗര വികസന മന്ത്രാലയം മുന്‍ സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണ പറയുന്നത്. ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ബ്രഹ്മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. ഇതുവഴി ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.