ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് തുടങ്ങി

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് തുടങ്ങി

ഭോപ്പാല്‍/റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോളിങ് ആരംഭിച്ചു. ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

നവംബര്‍ ഏഴിന് 20 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് നടന്നിരുന്നു. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഛത്തീസ്ഗഢില്‍ ആകെ 90 സീറ്റാണുള്ളത്.

ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളാണുള്ളത്. കോണ്‍ഗ്രസും ബിജെപിയും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി എസ് പി 183 സീറ്റുകളിലും എസ് പി 71 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 66 സീറ്റുകളിലും മത്സരിക്കുന്നു.

മധ്യപ്രദേശില്‍ മാവോയിസ്റ്റ് ബാധിത ജില്ലകളായ ബാലാഘട്ട്, ദിന്‍ഡോരി, മണ്ഡ്‌ല എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും മറ്റെല്ലായിടത്തും വൈകുന്നേരം ആറിനുമാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.

ബാലാഘട്ടിനോട് ചേര്‍ന്നുള്ള ഗോണ്ടിയയില്‍ ഹെലികോപ്റ്ററും എയര്‍ ആംബുലന്‍സും ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 38,000 പോളിംഗ് സ്റ്റേഷനുകള്‍ സിസിടിവിയിലൂടെയും വെബ് കാസ്റ്റിങിലൂടെയും നിരീക്ഷിക്കും. ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷന്‍ കണക്ടിവിറ്റിയും ഇല്ലാത്ത ബ്ലാക്ക് സോണുകളില്‍ സ്ഥിതി ചെയ്യുന്ന 464 പോളിംഗ് സ്റ്റേഷനുകളില്‍ റണ്ണര്‍മാരെ വിന്യസിച്ചിട്ടുണ്ട്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഉപമുഖ്യമന്ത്രി ടി.എസ് സിംഗ്ദിയോ, സംസ്ഥാന മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍, നാല് പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ അടക്കം നിരവധി പ്രധാന നേതാക്കളുടെ മണ്ഡലത്തില്‍ ഇന്നാണ് വോട്ടെടുപ്പ്.

ഛത്തീസ്ഗഢ് നിലനിര്‍ത്താനും മധ്യപ്രദേശില്‍ ഭരണം തിരിച്ചു പിടിക്കാനുമുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിവിധ സര്‍വേ ഫലങ്ങളില്‍ ഇരു സംസ്ഥാനത്തും കോണ്‍ഗ്രസിനാണ് വിജയ സാധ്യത പ്രവചിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.