വന്യമൃഗ ശല്യത്താല്‍ രണ്ടേക്കര്‍ ഭൂമിയിലെ കൃഷി ഉപേക്ഷിക്കേണ്ടി വന്നു; മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി

വന്യമൃഗ ശല്യത്താല്‍ രണ്ടേക്കര്‍ ഭൂമിയിലെ കൃഷി ഉപേക്ഷിക്കേണ്ടി വന്നു; മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: വന്യമൃഗ ശല്യത്താല്‍ കൃഷി ഉപേക്ഷിക്കേണ്ടി വന്ന വയോധികനായ കര്‍ഷകന്‍ ജീവനൊടുക്കി. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യ (71) നാണ് മരിച്ചത്. വന്യമൃഗ ശല്യം മൂലം രണ്ടേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ സാധിച്ചിരുന്നില്ല.

സ്ഥലം ഉപയോഗിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമമാണ് പിതാവ് ജീവനൊടുക്കാന്‍ കാരണമെന്ന് സുബ്രഹ്മണ്യന്റെ മകള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി വാടക വീട്ടിലായിരുന്നു സുബ്രഹ്മണ്യന്‍ താമസിച്ചിരുന്നത്. കാട്ടാന ശല്യമുള്ളതിനാല്‍ 30 വര്‍ഷം താമസിച്ച വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. സ്ഥലം സ്വന്തമായുള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ വീട് കിട്ടാനുള്ള അര്‍ഹതയും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. വാടക വീടിന് സമീപമുള്ള മരത്തിലാണ് സുബ്രഹ്മണ്യന്‍ ജീവനൊടുക്കിയത്.

കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കാന്‍സര്‍ രോഗിയായ സുബ്രഹ്മണ്യന്‍ ഭാര്യ കനകമ്മയ്ക്കും മകള്‍ക്കും ഒപ്പം സ്വന്തം കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. ചികിത്സക്കുള്ള പണം കണ്ടെത്തുവാനും വീടിന്റെ വാടക കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സ്വന്തം ഭൂമിയില്‍ നിന്നുള്ള ആധായം ലഭിക്കാതാവുകയും ജീവിക്കാന്‍ മാര്‍ഗമില്ലാതായതിലും മനംനൊന്താണ് സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തതെന്ന് എംഎല്‍എ സണ്ണി ജോസഫും വ്യക്തമാക്കി. സ്വന്തമായി വീടെന്നത് സുബ്രഹ്മണ്യന്റെ സ്വപ്നമായിരുന്നു. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ കര്‍ഷകനെന്നും എംഎല്‍എ പറയുന്നു.

എന്നാല്‍ രണ്ടര ഏക്കര്‍ ഭൂമി സ്വന്തം പേരില്‍ ഉള്ളതിനാല്‍ ലൈഫ് പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് സുബ്രഹ്മണ്യന്‍ അര്‍ഹനല്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ഇതും അദേഹത്തിന് മനോവിഷമംം ഉണ്ടാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും വീട് നിര്‍മ്മാണത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള അപേക്ഷയും തയ്യാറാക്കിവച്ചാണ് സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.