കർഷക സമരത്തിന് ഇല്ലിമുളം പാടി അഭിവാദ്യങ്ങൾ അർപ്പിച്ചു കത്തോലിക്കാ വൈദീകൻ

കർഷക സമരത്തിന് ഇല്ലിമുളം പാടി  അഭിവാദ്യങ്ങൾ അർപ്പിച്ചു കത്തോലിക്കാ വൈദീകൻ

കർഷക സമരം ലോക ശ്രദ്ധയാകർഷിക്കുമ്പോൾ കെ പി എ സി യുടെ വർഗ സമര ഗാനം പാടി കത്തോലിക്കാ വൈദീകൻ. ആലപ്പുഴ രൂപത വാടക്കൽ ഇടവകയിലെ വികാരിയായി സേവനം അനുഷ്‌ഠിക്കുന്ന ഫാ. ജോണി കളത്തിൽ ആണ് സോഷ്യൽ മീഡിയയിലെ തനതു ശൈലിയിൽ ഗാനാലാപനം നടത്തി വീഡിയോ എടുത്തു തന്റെ പിന്തുണ പ്രഖ്യാപിച്ചത്. കെ പി എ സി നാടക വേദിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തിനുവേണ്ടി ഓ എൻ വി എഴുതി ദേവരാജൻ സംവിധാനം ചെയ്തു കെ എസ്‌ ജോർജ് പാടി ജന ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഇല്ലിമുളം കാടുകളിൽ എന്ന ഗാനം കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് എന്ന മുഖവുരയോടെയാണ് അച്ചൻ ആലപിച്ചത്. ഈ ഗാനത്തിന്റെ ചില്ലിമുളം എന്ന് തുടങ്ങുന്ന വകഭേദമാണ് അദ്ദേഹം സ്വീകരിച്ചത്.

അച്ചന്റെ പാട്ടുകേൾക്കുമ്പോൾ വർഗ സമര പോരാട്ടങ്ങളിൽ തൊഴിലാളികളെ ഒന്നിച്ചു നിർത്താൻ കെ പി എ സി വഹിച്ച പങ്കു ഓർമയിലേക്ക് വരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ പുരാതന സംഗീതത്തിൽ അഭിരുചിയുള്ളവർ കുറച്ചുകൂടെ മനോഹരമായ ഒരു വിലയിരുത്തലാണ് നടത്തുന്നത്. വിപ്ലവ ഗാനങ്ങൾക്ക് ഗ്രിഗോറിയന് സംഗീതത്തിന്റെ മേളക്കൊഴുപ്പേകുന്ന ചില വക ഭേദങ്ങളോട് സാദൃശ്യം തോന്നുന്നത് യാദൃശ്ചികമാകാം. ആശയ പ്രചാരണത്തിന് ജനകീയ സംഗീതത്തെ ഉപാധിയാക്കിയ ദാവീദ് രാജാവിന്റെ രീതിയെ ഹൃദയത്തിലേറ്റിയ കത്തോലിക്കാ സഭയുടെ സംഗീത നിധി പേടകമാണ് ഗ്രിഗോറിയൻ ശീലുകൾ. ലോകമെങ്ങുമുള്ള വിശ്വാസികളെ സാക്ഷരനിരക്ഷര ഭേദമില്ലാതെ ക്രിസ്തുവെന്ന വീരപുരുഷന്റെ നെഞ്ചോട് ചേർത്തുനിർത്തിയത് ആരാധന സംഗീതം തന്നെയാണ്. ഈ പാരമ്പര്യമാകാം ഇത്തരം ഒരു അഭിവാദന രീതി തിരഞ്ഞെടുക്കാൻ കളത്തിലച്ചനെ പ്രേരിപ്പിച്ചതും.

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം വിശാല രൂപം പ്രാപിച്ച കർഷക സമരത്തിന് മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന പരാതി അങ്ങിങ്ങായി ഉയരുന്നുണ്ട്. എന്നാൽ ജനകീയ മുന്നേറ്റങ്ങളെ മാധ്യമങ്ങളല്ല വളർത്തിയിട്ടുള്ളതെന്നും ജനങ്ങൾ നെഞ്ചോട് ചേർത്ത സമരങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്നും ആവേശത്തോടെ വിളിച്ചു പറയുന്ന ചെറുപ്പക്കാരുടെ പ്രസംഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനാധിപത്യ ലോകത്തിൽ അധികാരകേന്ദ്രങ്ങളെ തങ്ങളുടെ ഹിതം അറിയിക്കാൻ ജനങ്ങൾ ഉപയോഗിക്കുന്ന മാർഗ്ഗമാണല്ലോ സമരങ്ങൾ. ജനപിന്തുണയാണ് അധികാരകേന്ദ്രങ്ങളുടെ കണ്ണ് തുറപ്പിക്കുന്നത്.

"സമരം ചെയ്യാതെ അധികാര കേന്ദ്രങ്ങൾ ഒന്നും സമ്മതിച്ചിട്ടില്ല. ഒരിക്കലും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല "എന്ന് പറഞ്ഞത് ഫ്രഡറിക് ഡഗ്ലസ് ആണ്. എഫ് എം റേഡിയോയും ആട്ടവും പാട്ടും മുദ്രാവാക്യവുമൊക്കെയായി ഭരണ സിരാകേന്ദ്രത്തിനു മുൻപിൽ തമ്പടിച്ചിരിക്കുന്ന കർഷകർ ചരിത്രം സൃഷ്ടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ജയ് ജവാൻ ജയ് കിസാൻ വിളികൾ ഒരിക്കൽ കൂടി ഭാരതമെങ്ങും മാറ്റൊലിക്കൊള്ളുമോ എന്ന് കാലം തെളിയിക്കും.


ജോസഫ് ദാസൻ







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.