ചങ്ങനാശേരി: സമൂഹത്തിനും രാജ്യത്തിനും ക്രിസ്ത്യന്‍ സമുദായം നല്‍കിയ സംഭാവനകളെ അക്കമിട്ട് നിരത്തി എംപിയും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളും സമൂഹവും രണ്ട് സുപ്രധാന മേഖലകളില്‍ സമൂഹത്തിനും രാജ്യത്തിനും ശ്രദ്ധേയമായ സേവനമാണ് നല്‍കുന്നത്. അത് വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തുമാണ്. താന്‍ അത് കുട്ടിക്കാലം മുതല്‍ കണ്ട് വളര്‍ന്നതാണെന്നും അദേഹം വ്യക്തമാക്കി.
ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ 70-ാം വാര്‍ഷികാഘോഷവും പുതിയ ഓര്‍ത്തോപീഡിക് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും എന്നത് എത്ര പ്രചോദനാത്മകമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പഠിച്ച് വളര്‍ന്നത് ക്രിസ്ത്യന്‍ സ്ഥാപനത്തിലാണ്. ബോംബെയിലും കല്‍ക്കട്ടയിലുമായി രണ്ട് ജെസ്യൂട്ട് സ്‌കൂളുകളിലും ഡല്‍ഹിയില്‍ ഒരു ആഗ്ലിക്കന്‍ കോളിജിലുമായിരുന്നു വിദ്യാഭ്യാസം. അങ്ങനെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പഠിച്ച് മനസിലാക്കാനും ബൈബിള്‍ പഠിക്കാനും കഴിഞ്ഞു. അതുകൊണ്ടു തന്നെ ക്രിസ്തുമസ് സമയത്ത് ഒരു പള്ളിയില്‍ കയറുന്നത് ബഹുമാനത്തോടെയാണ്. അതൊരു ടൂറിസ്റ്റിനെ പോലെയോ ഒരു രാഷ്ട്രീയക്കാരനെപ്പോലെയോ അല്ല. പള്ളിയിലെ ഓരോ കാര്യങ്ങള്‍ കേള്‍ക്കാനും അതിന്റെ പശ്ചാത്തലം മനസിലാക്കാനും അത് ആത്മാവില്‍ ഉള്‍ക്കൊള്ളാനുമാണ് താന്‍ ക്രിസ്തുമസ് സമയത്ത് പള്ളിയില്‍ പോകുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയൊക്കെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സമുദായം എന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചിരുന്നു. 19-ാം നൂറ്റാണ്ടില്‍ തന്നെ ദളിത് കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് ക്രിസ്ത്യന്‍ സമുദായമാണ്. അതിന് നേതൃത്വം കൊടുത്ത് കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചന്‍ ആയിരുന്നു. അദേഹത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലെന്നും തരൂര്‍ ഓര്‍മ്മപ്പെടുത്തി.
പള്ളിയുടെ അടുത്ത് ഒരു പള്ളിക്കൂടവും എന്ന ആശയം മാത്രം ആയിരുന്നില്ല അവരുടെ ലക്ഷ്യം. ആ സ്‌കൂളില്‍ സമ്പത്തോ, മതമോ, ജാതിയോ നോക്കാതെ എല്ലാവരെയും പ്രവേശിപ്പിക്കാനും വിദ്യാഭ്യാസം നല്‍കാനും അനുവദിച്ചു. കൂടാതെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൂടി നല്‍കണമെന്ന് തീരുമാനിച്ചു. അങ്ങനെയൊരു സംവിധാനം നടപ്പിലാക്കിയതും ഈ ക്രിസ്ത്യാനി അച്ചന്‍മാര്‍ തന്നെയായിരുന്നു. പഠിപ്പിക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആദ്യം തീരുമാനം എടുത്തതും ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്നെയാണ്. കേരളത്തില്‍ ശമ്പളം കിട്ടി പഠിപ്പിക്കാന്‍ തുടങ്ങിയ അധ്യാപകരെല്ലാം ക്രിസ്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകരായിരുന്നുവെന്നും അദേഹം വെളിപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയിലെ സഭകളുടെ സംഭാവന കേരളത്തിലുടനീളം കാണാം. ഇന്ത്യയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അതോടൊപ്പം നമ്മള്‍ മനസിലാക്കേണ്ടത് ആരോഗ്യപ്രതിസന്ധി പരിഹരിക്കാനുള്ള അവരുടെ നീണ്ട ശ്രമങ്ങളാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദേഹത്തിന് ഒരു ജനസംമ്പര്‍ക്ക പരിപാടി ഉണ്ടായിരുന്നു. പതിനാല് ജില്ലകളുടെ പരിപാടിയും കഴിഞ്ഞ ശേഷം താന്‍ അദേഹത്തോട് ചോദിച്ചു, താങ്കള്‍ക്ക് കിട്ടിയ നിവേദനത്തില്‍ ഏതാണ് ഏറ്റവും പ്രധാനമെന്ന് തോന്നുന്നത്. ആ ചോദ്യത്തിന് അദേഹം ഒട്ടും ചിന്തിക്കാതെ തന്നെ പറഞ്ഞു ആരോഗ്യ പ്രശ്‌നങ്ങളാണെന്ന്.
എത്ര പണം ഉണ്ടെങ്കിലും ആരോഗ്യമില്ലെങ്കില്‍ ആ പണംകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്. ആരോഗ്യം ആണ് നമ്മുടെ ആവശ്യം. അക്കാര്യം ക്രിസ്ത്യന്‍ സമൂഹം മനസിലാക്കുകയും കേരളത്തില്‍ മുഴുവന്‍ സ്‌കൂളുകളും ഒപ്പം ആശുപത്രികളും പടുത്തുയര്‍ത്തുകയും ചെയ്തുവെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.