ഗാസ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്, ടൈംസ് ഓഫ് ഇസ്രയേല്‍ എന്നിവ അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായുള്ള താല്‍കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യ പറഞ്ഞതായാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ഇസ്രയേലോ ഹമാസോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം ഹമാസ് തടവിലാക്കിയവരുടെ മോചനത്തിന്റെ കാര്യത്തിലും തീരുമാനമാകും. ഒന്നര മാസത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ഗാസയില്‍ പതിമൂവായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. സൈനികരടക്കം ആയിരത്തി അഞ്ഞൂറോളം ഇസ്രയേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടു.
ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തിയേക്കുമെന്ന സൂചന തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരുന്നു.
അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനല്‍കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരമായി ഇസ്രയേല്‍ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.
യുദ്ധം തുടങ്ങി ഒന്നര മാസത്തോളമായിട്ടും ബന്ദികളുടെ മോചന കാര്യത്തില്‍ തീരുമാനമാകാത്തത് ഇസ്രയേലില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേരിയ പുരോഗതി കൈവന്നത്.
എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.