സീറോ മലബാര്‍ സിനഡ് ആരംഭിച്ചു; ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിന് സഭ പ്രഥമ മുന്‍ഗണന നല്‍കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

 സീറോ മലബാര്‍ സിനഡ് ആരംഭിച്ചു; ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിന്  സഭ പ്രഥമ മുന്‍ഗണന നല്‍കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിനായിരിക്കണം സഭ പ്രഥമ മുന്‍ഗണന നല്‍കേണ്ടതെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സീറോമലബാര്‍ സഭയുടെ ഇരുപത്തൊമ്പതാമത് സിനഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്.

പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ യാചിച്ച് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.

സീറോ മലബാര്‍ സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ച് ബിഷപ് ഉദ്ഘാടന പ്രസംഗത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നുമായി ഇതുവരെ 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും അജപാലന രംഗത്തു സജീവ സാന്നിധ്യമായി രൂപതകളും സമര്‍പ്പിത സമൂഹങ്ങളും ചെയ്ത സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയെയും ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച് ബിഷപ് ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്‍ശിച്ച കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിക്കുകയും നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനം ചെയ്ത് ബ്രസീലിന്റെ നുന്‍ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്‍ച്ചുബിഷപ് ജ്യംബത്തിസ്ത ദിക്വാത്രോയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ് കൃതജ്ഞതര്‍പ്പിച്ചു.

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിനും മെല്‍ബണ്‍ രൂപതാ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂരിനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഗീവര്‍ഗീസ് മാര്‍ അപ്രേമിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു.

വൈദികരുടെ ജീവിത വിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിന് മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടതെന്നും സഭയിലുള്ള എല്ലാ ഉത്തരവാദിത്വ നിര്‍വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനുവരി 16 നാണ് സിനഡ് സമാപിക്കുന്നത്.

മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ചചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.