യുഎഇ സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകും; ഇറക്കുമതി നയത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

യുഎഇ സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകും; ഇറക്കുമതി നയത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്നുമുള്ള സ്വര്‍ണ ഇറക്കുമതി നയത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ടിആര്‍ക്യു) വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ച് ഐഎഫ്എസ്‌സി ലിമിറ്റഡ് (ഐഐബിഎക്സ്) വഴി ഇറക്കുമതി ചുങ്ക നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 2022 മെയ് മുതലാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നത്.

ഐഎഫ്എസ്‌സിഎ വിജ്ഞാപനം ചെയ്തിട്ടുള്ള സാധുവായ ഇന്ത്യ-യുഎഇ ടിആര്‍ക്യൂ ഉടമകള്‍ക്ക് ഐഐബിഎക്സ് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാനും ഐഎഫ്എസ്‌സിഎ നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്‌പെഷ്യല്‍ എക്കണോമിക് സോണുകളില്‍ സ്ഥിതി ചെയ്യുന്ന ഐഎഫ്എസ്‌സിഎ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലൂടെ ഫിസിക്കല്‍ ഡെലിവറി നേടാനും കഴിയുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വര്‍ണ വ്യാപാരം സുഗമമാക്കുമെന്നും ഇന്ത്യന്‍ ആഭരണ വ്യവസായത്തിന് ഗുണം ചെയ്യുമെന്നും ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിപുല്‍ ഷായെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ അനുമതി ഇടപാട് ചെലവ് കുറയ്ക്കുകയും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീക്കം ഇന്ത്യയില്‍ ഊര്‍ജ്ജസ്വലമായ ഒരു സ്വര്‍ണ വിപണി സൃഷ്ടിക്കുന്നതിനും മൂല്യവര്‍ധിത ആഭരണ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഈ പുരോഗമന നയ നടപടി നടപ്പിലാക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഐഎഫ്എസ്‌സിഎയുടെയും ശ്രമങ്ങളെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഉടമ്പടിയുടെ ടിആര്‍ക്യു (താരിഫ് നിരക്ക് ക്വാട്ട) വ്യവസ്ഥകള്‍ക്ക് കീഴില്‍ ഒരു നിശ്ചിത അളവിലുള്ള സ്വര്‍ണത്തിന് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ ആഭ്യന്തര ഇറക്കുമതിക്കാര്‍ക്ക് ഒരു ശതമാനം നികുതി ഇളവ് നല്‍കി വരുന്നുണ്ട്. ഇറക്കുമതിക്കായി കമ്പനികള്‍ക്ക് ഡിജിഎഫ്ടിയാണ് ടിആര്‍ക്യു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കൂടാതെ അവരെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയെ (IFSCA) അറിയിക്കുകയും ചെയ്യുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ ഒന്നാണ് ഇന്ത്യ. 90 ശതമാനം സ്വര്‍ണവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുഎഇയും സ്വിറ്റ്സര്‍ലന്റുമാണ് ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍. സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക്

ആക്കം കൂട്ടുകയും ചെയ്തു. സ്വര്‍ണത്തിനായുള്ള താരിഫ് റേറ്റ് ക്വാട്ട 2022-23ല്‍ 110 മില്യണ്‍ ടണ്ണില്‍ നിന്ന് 2023-24 ല്‍ 140 മില്യണ്‍ ടണ്‍ ആയി വര്‍ധിച്ചു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ക്രമേണ പരമാവധി 200 മില്യണ്‍ ടണിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ നിന്നും സ്വര്‍ണം ഇറക്കുമതിക്ക് 15 ശതമാനമായിരുന്നു നിലവിലെ ഇറക്കുമതി തീരുവ. എന്നാല്‍ യുഎഇയുമായി ഒപ്പുവച്ച പ്രത്യേക കരാര്‍ പ്രകാരം ഇനി 14 ശതമാനം ഇറക്കുമതി തീരുവ നല്‍കിയാല്‍ മതിയാകും.

ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം, വ്യാപാര ഭാഷയില്‍ താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ യുഎഇയില്‍ നിന്ന് ഇളവുള്ള തീരുവയില്‍ 140 മെട്രിക് ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്ത്യ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതായത് 140000 കിലോഗ്രാം സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ഉദേശിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലായിരിക്കും ഇറക്കുമതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.