'ആണ്ടി വലിയ അടിക്കാരനാണ്, വലിയ സംഭവമാണ്' എന്നൊക്കെ ആണ്ടി തന്നെ പറയും പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരം: വി.ഡി സതീശന്‍

'ആണ്ടി വലിയ അടിക്കാരനാണ്, വലിയ സംഭവമാണ്' എന്നൊക്കെ ആണ്ടി തന്നെ പറയും പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരം: വി.ഡി സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്കസേരയുടെ പദവിക്ക് ചേരാത്ത വര്‍ത്തമാനം പറഞ്ഞാല്‍ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിറ്റ് കൂടുതല്‍ സംസാരിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് അസഹിഷ്ണുതയെക്കുറിച്ച് ക്ലാസെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണ് എന്നൊക്കെ ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഡി.ഇ.ഒയെ പേടിപ്പിച്ച് സ്‌കൂള്‍ കുട്ടികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് നവകേരള സദസ് വന്‍വിജയമാണെന്ന് പറയുന്നത്.

ഭരണ സിരാകേന്ദ്രത്തില്‍ മന്ത്രിമാര്‍ ഇല്ലാത്ത അവസ്ഥയാണ്. പല ജില്ലകളിലും മഴപെയ്തിട്ടും രക്ഷാ പ്രവര്‍ത്തനങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയും ദിവസം ടൂര്‍ പോയ സംഭവം കേരളത്തിലുണ്ടായിട്ടില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മ്യൂസിയത്തില്‍ വയ്ക്കാന്‍ പോകുന്ന വണ്ടിയില്‍ ഇരിക്കാമെന്നല്ലാതെ മന്ത്രിമാര്‍ക്ക് ഒരു പണിയുമില്ല.

ആ വണ്ടി മ്യൂസിയത്തില്‍ വയ്ക്കുന്നതിനും മുന്‍പ് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് മ്യൂസിയത്തില്‍ വയ്ക്കേണ്ടത്. അത് കാണാന്‍ വന്‍ ജനത്തിരക്കായിരിക്കും. ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ഇത്തരം പ്രവൃത്തികള്‍ തുടരണമെന്ന് പറയുകയും ചെയ്യുന്നു.

പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. ക്രിമിനല്‍ മനസുള്ള ആള്‍ക്കല്ലാതെ ആര്‍ക്കാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.