അമേരിക്കയിലെ ക്രിസ്മസ് ട്രീ ഫെസ്റ്റിവലില്‍ പൈശാചിക പ്രമേയം കടന്നുകൂടിയതില്‍ പ്രതിഷേധം ശക്തമാകുന്നു

അമേരിക്കയിലെ ക്രിസ്മസ് ട്രീ ഫെസ്റ്റിവലില്‍ പൈശാചിക പ്രമേയം കടന്നുകൂടിയതില്‍ പ്രതിഷേധം ശക്തമാകുന്നു

മാഡിസണ്‍: അമേരിക്കന്‍ സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ പ്രശസ്തമായ ക്രിസ്മസ് ട്രീ ഫെസ്റ്റിവലില്‍ പൈശാചികമായ പ്രമേയം കടന്നുകൂടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങളെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. പൈശാചിക സംഘടനയായ സാത്താനിക് ടെമ്പിളിലെ അംഗങ്ങളാണ് ക്രിസ്മസ് ട്രീയുടെ സങ്കല്‍പത്തെ തന്നെ തകിടം മറിക്കുന്ന പ്രമേയവുമായി മനപൂര്‍വം വിവാദം സൃഷ്ടിക്കുന്നത്.

വിസ്‌കോണ്‍സിന്‍ ഗ്രാമമായ അശ്വോബെനനിലെ റെയില്‍റോഡ് മ്യൂസിയമാണ് ക്രിസ്മസ് ട്രീ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഡിസംബര്‍ 31 വരെയുള്ള പ്രദര്‍ശനത്തില്‍ 66 മരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രണ്ടെണ്ണമാണ് കാഴ്ച്ചക്കാരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ക്രിസ്മസ് ട്രീയില്‍ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ക്കൊപ്പം, ആടിന്റെ രൂപമുള്ള ബാഫോമെറ്റ് എന്ന സാത്താനിക രൂപം കൂടി സ്ഥാപിച്ചാണ് സാത്താന്‍ ആരാധകര്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

യേശു ക്രിസ്തുവിന്റെ ജന്മദിനം അനുസ്മരിക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന്യത്തെ നിഗൂഢമായ അജണ്ടയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

ചുവന്ന ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച, സാത്താനിക് ടെമ്പിളിന്റെ വൃക്ഷത്തില്‍ പിങ്ക്, നീല നിറങ്ങളിലുള്ള ട്രാന്‍സ് ഫ്‌ളാഗുകളും തൂക്കിയിട്ടുണ്ട്. പ്രൊട്ടക്റ്റ് ട്രാന്‍സ് കിഡ്സ് പോലുള്ള ആഹ്വാനങ്ങളും ഉള്‍പ്പെടുന്നു.

ഫെസ്റ്റിവലില്‍ പങ്കെടുത്ത നിരവധി പ്രദേശവാസികള്‍ സാത്താനിക് ടെമ്പിളിന്റെ പ്രദര്‍ശനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സാത്താനിക് പ്രദര്‍ശനത്തിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് തങ്ങളുടെ പ്രതിഷേധം പങ്കുവച്ചത്.

ഒരു കുടുംബ സൗഹൃദ പരിപാടിയില്‍ ഇത്തരം വികലമായ ആശയങ്ങള്‍ എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചു. കുട്ടികള്‍ക്കൊപ്പം കാണാനെത്തുന്ന പ്രദര്‍ശനത്തില്‍ ഇത്തരമൊരു പ്രമേയം ഉള്‍പ്പെടുത്താന്‍ അനുവദിച്ച നാഷണല്‍ റെയില്‍റോഡ് മ്യൂസിയത്തിന്റെ തീരുമാനത്തെയും പലരും ചോദ്യം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ പൈശാചിക വിഷയങ്ങളുമായി കൂടിക്കലര്‍ത്തുന്നതിലുള്ള ആശങ്കയും അവര്‍ പങ്കുവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.