ചൈനയില്‍ പടരുന്ന ന്യുമോണിയ: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കരുതല്‍ നിര്‍ദേശം

ചൈനയില്‍ പടരുന്ന ന്യുമോണിയ: സംസ്ഥാനങ്ങള്‍ക്ക്  കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കരുതല്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകള്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ആശുപത്രികളില്‍ കിടക്കകള്‍, മരുന്നുകള്‍, ഇന്‍ഫ്‌ലുവന്‍സയ്ക്കുള്ള വാക്‌സിനുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ടെസ്റ്റിങ് കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

കൂടാതെ റിയാക്ടറുകള്‍, ഓക്സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം, ആരോഗ്യ സൗകര്യങ്ങളിലെ അണുബാധ നിയന്ത്രണ രീതികള്‍ എന്നിവ സജ്ജമാക്കണമെന്നും കേന്ദ്രം അറിയിപ്പില്‍ പറയുന്നു.

കോവിഡ് 19 മുന്‍കരുതലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും സര്‍ക്കാരുകള്‍ പാലിക്കേണ്ടത്. കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രൊജക്റ്റ് യൂണിറ്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്. ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസര്‍ച്ച് ഡയഗ്‌നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ചൈനയില്‍ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള കേസുകളുടെ വര്‍ധനവ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ കേസുകകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തില്‍പെട്ടതാണെന്നും ഇന്ത്യയില്‍ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിലാണ് ചൈനയില്‍ എച്ച് 9 എന്‍ 2 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. എച്ച് 9 എന്‍ 2 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മരണ നിരക്ക് കുറവാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യന്‍, മൃഗ സംരക്ഷണം, വന്യജീവി മേഖലകള്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തു പറഞ്ഞു.

കോവിഡ് 19 ന് ശേഷം ചൈന മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. നിഗൂഢമായ ഈ ന്യുമോണിയ സ്‌കൂള്‍ കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആഗോള ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ഈ സംഭവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.