കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: അഞ്ച് ലക്ഷം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍കോള്‍; വിളിച്ചത് സ്ത്രീ

കൊല്ലത്ത് ആറ് വയസുകാരിയെ  തട്ടിക്കൊണ്ടു പോയ സംഭവം: അഞ്ച് ലക്ഷം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍കോള്‍; വിളിച്ചത് സ്ത്രീ

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ അജ്ഞാത സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായാണ് പുതിയ വിവരം. ഇത് കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന സംശയവും ബലപ്പെട്ടു.

കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് ഫോണില്‍ ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണെന്നും ഫോണ്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയെ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അഭികേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ എട്ട് വയസുള്ള ജോനാഥന്‍ പറയുന്നത്. കാറ്റാടിമുക്കില്‍ വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന്‍ പറയുന്നു.

'സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ഇന്ന് വൈകുന്നേരം നാലരയ്ക്കാണ് സംഭവം നടന്നത്. കാറിനടുത്തെത്തിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ ഒരു പേപ്പര്‍ നല്‍കി അമ്മയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഇത് നിരസിച്ചെങ്കിലും അഭികേല്‍ പേപ്പര്‍ വാങ്ങി.

ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. കാറില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത് - സഹോദരന്‍ ജൊനാഥന്‍ പറയുന്നു.

വിവരമറിഞ്ഞ് നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെളുത്ത നിറമുള്ള കാറിലാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയതെന്നും ആ കാര്‍ കുറച്ചു ദിവസമായി വീടിനടുത്ത് ഉണ്ടായിരുന്നുവെന്നും ജോനാഥന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.