തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് 17 ദിവസത്തിന് ശേഷം പുതുജീവന്‍; 41 പേരെയും ആശുപത്രിയിലേക്ക് മാറ്റി

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് 17 ദിവസത്തിന് ശേഷം പുതുജീവന്‍; 41 പേരെയും ആശുപത്രിയിലേക്ക് മാറ്റി

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ 17 ദിവസമായി കുടുങ്ങി കിടന്ന 41 തൊഴിലാളികളെയും ഇന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. ചക്രങ്ങള്‍ ഘടിപ്പിച്ച സ്‌ട്രെച്ചറുകളില്‍ കിടത്തി തൊഴിലാളികളെ 57 മീറ്റര്‍ സ്റ്റീല്‍ പൈപ്പിലൂടെയാണ് ആഴ്ചകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്തത്. തൊഴിലാളികളില്‍ ഭൂരിഭാഗവും ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്.

ഇന്ന് രാത്രി എട്ടോടെയാണ് ടണലിന് പുറത്തേക്ക് തൊഴിലാളികളെ എത്തിക്കാന്‍ തുടങ്ങിയത്. തൊഴിലാളികള്‍ക്ക് ആവശ്യമായ അടിയന്തിര വൈദ്യ സഹായവും നല്‍കി. ആദ്യം പുറത്തെത്തിച്ചത് അഞ്ച് പേരെയാണ്. തുടര്‍ന്ന് ബാക്കിയുള്ളവരെയും അതീവ ശ്രദ്ധയോടെ പുറത്തെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഓഗര്‍ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്തിലായിരുന്നു. എന്നാല്‍ മെഷീന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം രാവിലെ പുറത്തെത്തിച്ച ശേഷം ദൗത്യം പുനരാരംഭിക്കുകയായിരുന്നു.

രക്ഷപ്പെട്ട് പുറത്ത് വന്ന തൊഴിലാളികളെ ഓറഞ്ച് ജമന്തി പൂമാലകള്‍ അണിയിക്കുകയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ.സിങും അഭിവാദ്യം ചെയ്യുകയും ചെയ്തു. പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.