യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി ദുബായിലെത്തും

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി ദുബായിലെത്തും

ന്യൂഡല്‍ഹി: യുഎന്‍ കാലാവസ്ഥാ ഉച്ചകോടി(കോപ്-28)ക്ക് ഇന്ന് ദുബായില്‍ തുടക്കം. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചര്‍ച്ചകളായിരിക്കും നടക്കുക. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 70,000 ഓളം പ്രതിനിധികള്‍ ഉച്ചകോടിക്കായി വരും ദിവസങ്ങളില്‍ ദുബായിലെത്തും.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി ദുബായിലെത്തും. പങ്കെടുത്തതിന് ശേഷം നാളെ അദേഹം ഇന്ത്യയിലേക്ക് തിരിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി, ഖത്തര്‍ അമീര്‍ തുടങ്ങി നിരവധി നേതാക്കള്‍ ആദ്യ ദിവസങ്ങളില്‍ പങ്കെടുക്കും.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചക്കോടിയില്‍ സംബന്ധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതോടൊപ്പം ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം തുടങ്ങിയ ശേഷം ഇരുരാജ്യത്തെയും പ്രസിഡന്റുമാര്‍ ആദ്യമായി ഒരു രാജ്യാന്തര വേദിയില്‍ ഒരുമിച്ചെത്തുന്നു എന്നുളളതും കാലാവസ്ഥ ഉച്ചകോടിയെ ശ്രദ്ധേയമാക്കും.

പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ആദ്യ മൂന്നു ദിവസം ലോക നേതാക്കള്‍ സംസാരിക്കും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യ സെഷന്‍. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ നേതാക്കളെ ഉച്ചകോടി നടക്കുന്ന എക്‌സ്‌പോക് സിറ്റിയില്‍ സ്വീകരിക്കും. ഡിസംബര്‍ ഒമ്പത്, പത്ത് ദിവസങ്ങളിലാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ സെഷന്‍. ബ്ലൂ, ഗ്രീന്‍ സോണുകളാക്കി തിരിച്ചാണ് സമ്മേളനങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും നടക്കുക.

ലോകത്തെ അമ്പരപ്പിക്കുന്ന തയ്യാറെടുപ്പുകളോടെയാണ് യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയെ ദുബായ് വരവേല്‍ക്കുന്നത്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ദുബായില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലൂ സോണിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഗ്രീന്‍ സോണിലേക്ക് ഡിസംബര്‍ മൂന്ന് മുതല്‍ പ്രവേശനം അനുവദിക്കും.

ഞായറാഴ്ചയാണ് ഇസ്രയേല്‍, പാലസ്തീന്‍ പ്രസിഡന്റുമാര്‍ ഉച്ചകോടിയില്‍ സംസാരിക്കുന്നത്. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളില്‍ രാവിലെ ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ എക്‌സ്‌പോസിറ്റി ഇന്റര്‍സെഷന്‍ വരെ രാവിലെ ഏഴ് മുതല്‍ 11 വരെ ഗതാഗതം അനുവദിക്കില്ല. ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇന്ത്യാ ഗ്ലോബല്‍ ഫോറത്തില്‍ കേന്ദ്ര പരിസ്ഥിതി- കാലാവസ്ഥാ മന്ത്രി ഭുപേന്ദര്‍ സിങ് യാദവ് സംസാരിച്ചു. പാരിസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷം മലിനീകരണം കുറയ്ക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളാണ് അദേഹം വിശദീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.