ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കവേ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) ലോഗോയില്‍ നിന്ന് അശോക സ്തംഭം ഒഴിവാക്കി ധന്വന്തരി മൂര്‍ത്തിയെ ഉള്‍പ്പെടുത്തി പുതിയ ലോഗോ പുറത്തിറക്കി.
എന്‍എംസിയുടെ വെബ്സൈറ്റിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. 'നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഭാരത്' എന്നും ചേര്‍ത്തിട്ടുണ്ട്. ഹൈന്ദവ പുരാണങ്ങളില്‍ ആരോഗ്യത്തിന്റേയും ചികിത്സയുടേയും ദൈവമായാണ് ധന്വന്തരിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയെ ഭാരതം എന്നാക്കി മാറ്റുന്നതിനൊപ്പം തന്നെ കേന്ദ്ര സ്ഥാപനങ്ങളുടേയും സേവനങ്ങളുടേയും പേരിലും ലോഗോയിലുമെല്ലാം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കേന്ദ്രം നടത്തി വരുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലോഗോയ്ക്ക് വലിയ പ്രചാരണം നല്‍കി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധിപ്പേര്‍ ഇതിനെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഔദ്യോഗിക രേഖകളില്‍ വരുത്തുന്നതിലൂടെ ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പാക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ആരോഗ്യ രംഗത്തെ പേരുമാറ്റല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട് നേരത്തെ കേരളവും കേന്ദ്രത്തിനെതിരെ രംഗത്തു വന്നിരുന്നു.
കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനിമേല്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം നിഷേധിക്കുമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുന്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.