മനാഗ്വേ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കിയ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവായി വീഡിയോയും ഫോട്ടോകളും പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം. 26 വര്‍ഷം തടവിനു ശിക്ഷിച്ച, മതഗല്‍പ രൂപതയുടെ ബിഷപ്പ് അല്‍വാരസ് ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഭരണകൂടം ബിഷപ്പിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവിട്ടത്.
ഏറെ ക്ഷീണിതനായ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ് സ്വീകരണമുറിയിലെ ഒരു മേശയ്ക്കു സമീപം ഇരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. സഹോദരങ്ങള്‍ ബിഷപ്പിനെ സന്ദര്‍ശിക്കുന്നതാണ് മറ്റൊരു ചിത്രത്തിലുള്ളത്. വൈദ്യസഹായം സ്വീകരിക്കുന്ന ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്.
പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കടുത്ത വിമര്‍ശകനായ ബിഷപ്പ് അല്‍വാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തി 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കയിലേക്കു നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിങ്ങിനിറഞ്ഞതുമായ ജയിലുകളിലൊന്നായ 'ലാ മോഡെലോ' എന്നറിയപ്പെടുന്ന ജയിലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് നിക്കരാഗ്വന്‍ വാര്‍ത്താ മാധ്യമമായ എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ ബിഷപ്പിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലോകത്തിന്റെ നിരവധി കോണുകളില്‍ നിന്ന് ആശങ്ക ഉയര്‍ന്നിരുന്നു.
ബിഷപ്പ് ജീവിച്ചിരിപ്പുണ്ടെന്നുള്ള വിശ്വസനീയമായ തെളിവ് നിക്കരാഗ്വ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തിന് നല്‍കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധി ക്രിസ് സ്മിത്തും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണകൂടം ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം, തെളിവുകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്ന് പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ബെസ് വിമര്‍ശിച്ചു. 'ഇത്തരം ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്വേച്ഛാധിപത്യം അവരുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും നിശബ്ദമാക്കാനും ശ്രമിക്കുകയാണ്. ബിഷപ്പ് റോളാന്‍ഡോ നിരപരാധിയാണ്, ഞങ്ങള്‍ ലോകത്തിന് മുന്‍പില്‍ ഈ അനീതി തുറന്നുകാണിക്കുന്നത് തുടരും. അദ്ദേഹത്തെ ഉടനടി മോചിപ്പിക്കണം' - സഹായ മെത്രാന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രങ്ങളുടെ വിശ്വസനീയതയെ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ ചോദ്യം ചെയ്തു. സ്വീകരണമുറി, ഡൈനിംഗ് റൂം എന്നിവ ഫോട്ടോയ്ക്ക് വേണ്ടി മാത്രമാണോ അവര്‍ ക്രമീകരിച്ചതെന്ന് അവര്‍ ചോദിച്ചു. ഇത്തരം ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കാനുള്ള വ്യക്തമായ ശ്രമമാണെന്നും ബിഷപ്പ് അല്‍വാരസിന്റെ യഥാര്‍ത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.