ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്യുന്നതിനെതിരെ കെസിബിസി

ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്യുന്നതിനെതിരെ കെസിബിസി

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) ഔദ്യോഗിക മുദ്ര വര്‍ഗീയ, രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തികച്ചും അപലപനീയമാണന്നും കെസിബിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 'ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് അഡ്വ. നോബിള്‍ മാത്യു എന്ന വ്യക്തി പ്രചരിപ്പിക്കുന്നതാണ് കുറിപ്പിന് ആധാരമെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അനാവശ്യമായ വര്‍ഗീയ പ്രചരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും സൗഹാര്‍ദ്ദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെസിബിസി നിലപാടെടുക്കുന്നത്. അത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്. ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല.

തീവ്രവാദം ഏതു തരത്തിലായാലും അത് നമ്മുടെ നാടിനാപത്താണന്ന് സഭ വിശ്വസിക്കുന്നു. വിഭാഗീയതയ്ക്കതീതമായി നാടിന്റെ നന്മയ്ക്കും മാന വികതയ്ക്കുമായിട്ടാണ് കെസിബിസി എന്നും നിലകൊണ്ടിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.