കാന്‍ബറ: സമുദ്രത്തിനടിയില്‍ മറഞ്ഞിരിക്കുന്ന ചൈനീസ് അന്തര്‍വാഹിനികളെ കണ്ടെത്താനും അവയുടെ ആക്രമണത്തെ പ്രതിരോധിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സാധ്യതകള്‍ തേടി ഓസ്ട്രേലിയ. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് ഓസ്‌ട്രേലിയ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. മൂന്നു രാജ്യങ്ങളുമുള്‍പ്പെട്ട ഓകസ് ഉടമ്പടിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യത്തിനുള്ള ചൈനയുടെ ശ്രമം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് സഖ്യം രൂപീകരിച്ചത്.
രണ്ടാഴ്ച്ച മുന്‍പ് കടലിനടിയില്‍ ഓസ്‌ട്രേലിയന്‍ നാവികര്‍ക്കു നേരെ ചൈനീസ് യുദ്ധക്കപ്പലില്‍ നിന്ന് ജീവനു ഭീഷണിയാകുന്ന വിധത്തില്‍ സോണാര്‍ അനുരണനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജപ്പാന്റെ അധീനതയിലുള്ള കടല്‍ അതിര്‍ത്തിയിലുണ്ടായ സംഭവം ഓസ്‌ട്രേലിയയില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറി. മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിലുണ്ടെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് ചൈനീസ് യുദ്ധക്കപ്പലിന്റെ അപകടകരമായ പ്രവൃത്തി. സംഭവത്തില്‍ ഓസ്ട്രേലിയന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രോണുകള്‍, ഡീപ് സ്പേസ് റഡാര്‍ എന്നിവ ഉപയോഗിച്ച് പസഫിക്കിലെ ചൈനീസ് അന്തര്‍വാഹിനികള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗമാണു പരീക്ഷിക്കുന്നത്. വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമുള്ള ആക്രമണങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ള സംവിധാനമാണിത്.
ഉള്‍ക്കടലിലുള്ള ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന സോനാബോയ് ഉള്‍പ്പെടെ മൂന്നു രാജ്യങ്ങളും കടലിനടയില്‍ വിക്ഷേപിച്ചിട്ടുള്ള ഉപകരണങ്ങളില്‍ നിന്നും ശേഖരിക്കുന്ന സോണാര്‍ ഡാറ്റ അമേരിക്കന്‍ മാരിടൈം പട്രോളിംഗ് വിമാനങ്ങളിലേക്ക് അയയ്ക്കും. തുടര്‍ന്ന് ഈ ഡാറ്റ ഐ.ഐ അല്‍ഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്യും. ഇതിലൂടെ ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മേധാവികള്‍ വെള്ളിയാഴ്ച കാലിഫോര്‍ണിയില്‍ കൂടിക്കാഴ്ച്ച നടത്തി.
ബഹിരാകാശത്ത് ഉയര്‍ന്നുവരുന്ന ഭീഷണികള്‍ കണ്ടെത്താനും പുതിയ സാങ്കേതിക സഹകരണത്തിലൂടെ കഴിയുമെന്നും ഓക്കസ് പങ്കാളികള്‍ പറഞ്ഞു.
പ്രതിരോധ മേഖലയില്‍ അതിവേഗം വളരുന്ന ഓസ്ട്രേലിയയെ സംബന്ധിച്ച് പുതിയ സാങ്കേതികവിദ്യ വളരെ പ്രസക്തമാണെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.
ഓകസ് കരാറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവുള്ള സൈനിക പരിശീലനവും ഉപകരണങ്ങളുമാണ് ഓസ്ട്രേലിയ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതും ഏഷ്യ പസിഫിക്കില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നതും തടയുകയാണ് ഈ സുരക്ഷാ കരാറിന്റെ ലക്ഷ്യം. നിര്‍മിത ബുദ്ധി ശേഷി കെട്ടിപ്പടുത്തുക, ഹൈപര്‍സോണിക് ആയുധങ്ങള്‍, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയില്‍ മൂന്ന് രാജ്യങ്ങളും സഹകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.