ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മിസോറാം ഒഴികെയുള്ള തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചന വൈകാതെ ലഭ്യമാകും.
മിസോറാമില്‍ നാളെയാണ് വോട്ടെണ്ണല്‍.വിവിധ ക്രൈസ്തവ സംഘടനകള്‍ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയത്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് മിസോറാം. അതിനാല്‍ ക്രൈസ്തവരുടെ പ്രാര്‍ഥനാ ദിവസമായ ഞായറാഴ്ച വോട്ടെണ്ണുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് ഇന്നത്തെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയിരിക്കുന്നത്.
മിസോറാമില്‍ നിലവിലെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് ഫ്രണ്ടും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം. ഡിസംബര്‍ 30 ന് നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിസോറാമില്‍ തൂക്കു സഭയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. 2017ല്‍ രൂപീകരിക്കപ്പെട്ട സെഡ്പിഎമ്മിനാണ് ഇത്തവണ മുന്‍തൂക്കം കാണിക്കുന്നത്.
കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചന. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നില്‍ക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പും മിസോറാമിലെ വോട്ടെടുപ്പും നവംബര്‍ ഏഴിനാണ് നടന്നത്. ഛത്തീസ്ഗഡിലെ രണ്ടാം ഘട്ടവും, മധ്യപ്രദേശിലും 17 നാണ് വോട്ടെടുപ്പ് നടന്നത്. രാജസ്ഥാനില്‍ 23 നും തെലങ്കാനയില്‍ നവംബര്‍ മുപ്പതിനും ജനങ്ങള്‍ വിധിയെഴുതി.
രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലുള്ള ജനവിധിയാണ് ഇന്നറിയാന്‍ പോകുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗുര്‍മീത് സിങ് കോണോറിന്റെ മരണം മൂലം ഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ 200 അംഗ നിയമസഭയില്‍ രാജസ്ഥാന് ഒരു സീറ്റിലെ വിധിയറിയാന്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമുണ്ട്.
തൊണ്ണൂറ് അംഗങ്ങളുള്ള നിയമസഭയാണ് ചത്തീസ്ഗഡിന്റേത്. മിസോറാമില്‍ 40 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളും തെലങ്കാനയില്‍ 119 മണ്ഡലങ്ങളുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.