ഐസ്വാള്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ സോറം പീപ്പിള്‍സ് മൂവ്മെന്റിന് വ്യക്തമായ മുന്നേറ്റം. മിസോ നാഷണല്‍ ഫ്രണ്ട്, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളെ പിന്നിലാക്കിയാണ് ആദ്യ മണിക്കൂറില്‍ തന്നെ സോറം പീപ്പിള്‍സ് മൂവ്മെന്റ് 28 സീറ്റുകളില്‍ മുന്നേറുന്നത്.
ഭരണത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് എട്ട് സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
അതേസമയം എംഎന്‍എഫിന് തിരിച്ചടിയായി മുഖ്യമന്ത്രി സോറം തംഗയും ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോല്‍സോട്ടയും തോറ്റവരില്‍പ്പെടുന്നു. സെഡ് പിഎം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് ലാല്‍ഡുഹോമ.
ഇന്നലെ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം നടക്കാനിരുന്ന വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ മതപരമായ കലണ്ടര്‍ പ്രകാരം ഇന്നലെ പ്രധാന ദിവസമാണെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഇന്നേക്ക് മാറ്റിവച്ചത്.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെയും ആവശ്യം മാനിച്ച് ഡിസംബര്‍ മൂന്നിന് നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
നാലായിരത്തിലധികം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ പ്രക്രിയയില്‍ പങ്കെടുക്കുന്നത്. ഇവിഎമ്മുകള്‍ക്കായി 399 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ 56 ടേബിളുകളും സജ്ജീകരിച്ചിരുന്നു. നവംബര്‍ ഏഴിനായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്തെ 8.57 ലക്ഷം വോട്ടര്‍മാരില്‍ 80 ശതമാനത്തിലധികം പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 18 വനിതകള്‍ ഉള്‍പ്പെടെ 174 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
2018 തിരഞ്ഞെടുപ്പില്‍ 26 സീറ്റുകളുമായാണ് എംഎന്‍എഫ് അധികാരത്തിലെത്തിയത്.
40 സീറ്റുകളാണ് മിസോറാം നിയമസഭയിലേക്കുള്ളത്. 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്.
അതേസമയം മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചര്‍ച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും മുഖ്യമന്ത്രി സോറം തംഗയും രംഗത്തിറങ്ങിയത്..
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട കോണ്‍ഗ്രസ് ആകട്ടെ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍, ലാല്‍ദുഹോമ മുന്നില്‍ നിന്ന് നയിക്കുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് കറുത്ത കുതിരകളാകുമെന്ന പോസ്റ്റ് പോള്‍ പ്രവചനങ്ങള്‍ പറഞ്ഞിരുന്നു.
എട്ടര ലക്ഷം വോട്ടര്‍മാരാണ് മിസോറാമിലുള്ളത്. അതില്‍ 87ശതമാനവും ക്രിസ്ത്യാനികളാണ്. 40 നിയമസഭ സീറ്റില്‍ 39-ഉം പട്ടിക വര്‍ഗ സംവരണ സീറ്റുമാണ്. ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒരെണ്ണം മാത്രം. പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ തുടച്ച് നീക്കിയാണ് 2018ല്‍ എംഎന്‍എഫ് സോറം തംഗയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചത്. 2013ല്‍ 34 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2018 ല്‍ കിട്ടിയത് അഞ്ച് സീറ്റ് മാത്രമാണ്. എംഎന്‍എഫിന് 26-ഉം. ബിജെപി ആകട്ടെ 68 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനം വോട്ട് പിടിക്കുകയും ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു.
ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കന്‍ സംസ്ഥാനം കൂടിയാണ് മിസോറാം. അന്ന് സോറം മൂവ്‌മെന്റ് എന്ന സംഘടനയുടെ പിന്തുണയോടെ ജയിച്ച കയറിയ എട്ട് സ്വതന്ത്രര്‍ പിന്നീട് ലാല്‍ദുഹോമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെഡ് പിഎം പാര്‍ട്ടിക്ക് കീഴിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.