മിസോറാമില്‍ സോറം; ഒന്നിലൊതുങ്ങി കോണ്‍ഗ്രസ്, രണ്ട് പിടിച്ച് ബിജെപി

മിസോറാമില്‍ സോറം; ഒന്നിലൊതുങ്ങി കോണ്‍ഗ്രസ്, രണ്ട് പിടിച്ച് ബിജെപി

ഐസ്വാള്‍: മിസോറാമില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടി സോറം പീപ്പിള്‍സ് മുവ്‌മെന്റിന് (സെഡ്പിഎം) മിന്നുന്ന വിജയം. 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം മാത്രം പ്രായമുള്ള രസോറം പീപ്പിള്‍സ് മുവ്‌മെന്റിന് ചരിത്ര വിജയമാണ് നേടിയത്. 40 ല്‍ 27 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വിജയിച്ചു. ഭരണ കക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 10 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

നാല്‍പ്പത് സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. 23 സീറ്റുകളില്‍ മത്സരിച്ച ബിജെപി കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തി. ഒരു സീറ്റില്‍ നിന്ന് രണ്ട് സീറ്റുകളിലേക്ക് ബിജെപി ഉയര്‍ന്നു.

ഭരണകക്ഷിയായ എംഎന്‍എഫിനെ പരാജയപ്പെടുത്തിയ സെഡ്പിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും മിസോ നാഷനല്‍ ഫ്രണ്ടും മാറിമാറിയാണ് കാലാകാലങ്ങളായി മിസോറം ഭരിച്ചിരുന്നത്. 2018 ലെ തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് ആയിരുന്നു എംഎന്‍എഫിന്റെ പ്രധാന രാഷ്ട്രീയ എതിരാളി.

2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 ല്‍ 26 സീറ്റുകളിലും വിജയിച്ച് എംഎന്‍എഫ് അധികാരത്തില്‍ വന്നു. അതോടെ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം പാര്‍ട്ടിയെ കൈവിട്ടു. മിസോറമില്‍ അഞ്ച് സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തു. എട്ട് സീറ്റുകള്‍ നേടിയ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറുകയും ചെയ്തു.

അവിടെ നിന്നാണ് സെഡ്പിഎം ഇപ്പോള്‍ അധികാരം ഏറ്റെടുക്കാനൊരുങ്ങുന്നത്. സംസ്ഥാനത്ത് ശക്തമായി മാറിയ ഭരണവിരുദ്ധ വികാരമാണ് എംഎന്‍എഫിന് തിരിച്ചടിയായത്. യുവനിര പൊതുവേ പുതിയ പാര്‍ട്ടിയായ സോറം പീപ്പിള്‍സ് മൂവ്‌മെന്റിനൊപ്പം നിലകൊണ്ടു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടികളിലെല്ലാം വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.

തന്റെ സ്ഥിരം തട്ടകമായ ഐസോള്‍ ഈസ്റ്റ് 1 മണ്ഡലം എംഎന്‍എഫ് സംസ്ഥാന പ്രസിഡന്റും മിസോറാം മുഖ്യമന്ത്രിയുമായ സോറം തംഗയെ കൈവിട്ടത് എംഎന്‍എഫിനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ്. ഐസോള്‍ വെസ്റ്റ് 3 മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലാല്‍സോവ്ത പരാജയപ്പെട്ടത് കോണ്‍ഗ്രസിനും കനത്ത പ്രഹരമായി.

മണിപ്പുര്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് മിസോറാമില്‍ അഭയം തേടിയവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി സോറം തംഗ തീരുമാനിച്ചിരുന്നെങ്കിലും എന്‍ഡിഎയുമായുള്ള സഖ്യം പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തല്‍.

സര്‍ച്ചിപ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച മുന്‍ ഐപിഎസ് ഓഫിസര്‍ ലാല്‍ദുഹോമയാണ് സോറം പീപ്പിള്‍സി മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സര്‍വീസിന്റെ തുടക്കത്തില്‍ ഗോവയില്‍ സേവനമനുഷ്ഠിച്ച ലാല്‍ദുഹോമ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സുരക്ഷാ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ലാല്‍ദുഹോമയുടെ നേതൃത്വത്തിലാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.