'ലോക ഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ തുടച്ചു നീക്കും': പുതിയ ഭീഷണിയുമായി ഇറാന്‍; വലിയ വില നല്‍കേണ്ടി വരുമെന്ന് അമേരിക്ക

'ലോക ഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ തുടച്ചു നീക്കും': പുതിയ ഭീഷണിയുമായി ഇറാന്‍; വലിയ വില നല്‍കേണ്ടി വരുമെന്ന് അമേരിക്ക

ടെല്‍ അവീവ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേലിനെതിരെ ഭീഷണിയുമായി ഇറാന്‍. ലോക ഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ തുടച്ചുനീക്കുമെന്നാണ് ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയുടെ ഭീഷണി.

ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിന്റെ പതിന്‍മടങ്ങ് ശക്തിയുള്ള ആക്രമണം നടത്തും. 48 മണിക്കൂര്‍ കൊണ്ട് ഇസ്രയേല്‍ തകര്‍ന്നടിയുമെന്നും ഹൊസൈന്‍ സലാമി അവകാശപ്പെട്ടു. കാലാകാലങ്ങളായി ഇസ്രയേലുമായി ബദ്ധശത്രുത പുലര്‍ത്തുന്ന ഇറാന്‍, ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ ന്യായീകരിച്ച ചുരുക്കം ചില ഇസ്ലാമിക രാജ്യങ്ങളില്‍ ഒന്നാണ്.

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന പ്രത്യാക്രമണത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയും ഹമാസിനും യെമനിലെ ഹൂതി വിമതര്‍ക്കും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്കും ആയുധമടക്കം നല്‍കി ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഇതിനെതിരെ ഇസ്രയേലും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പെന്റഗണ്‍ ആവര്‍ത്തിച്ചു.

അതേ സമയം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ മുന്നേറ്റം തുടരുന്ന ഇസ്രയേല്‍ ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡര്‍ ഹൈതം ഖുവാജരിയെ വധിച്ചു. കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവും പുറപ്പെടുവിച്ചു.

അതിനിടെ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ ആക്രമിച്ച ഹൂതി ഡ്രോണുകള്‍ അമേരിക്കന്‍ പടക്കപ്പല്‍ യു.എസ്.എസ് കാര്‍നി തകര്‍ത്തു. മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് യെമനിലെ ഹൂതി വിമതര്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്.

ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് മറുപടിയായി ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഐഡിഎഫ് പ്രത്യാക്രമണം നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.