പത്തിന് നടക്കുന്ന ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് സഭയുടെ അംഗീകാരമില്ല: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

പത്തിന് നടക്കുന്ന ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് സഭയുടെ അംഗീകാരമില്ല: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്റെയും അതിന്റെ ആസ്ഥാന അതിരൂപതയായി എറണാകുളം വികാരിയാത്തിനെ ഉയര്‍ത്തിയതിന്റെയും ശതാബ്ദി സമാപന ആഘോഷം സഭയിലെ ഒരു വിഭാഗം നടത്തുന്നത് സഭയുടെ അനുമതിയില്ലാതെ. ശതാബ്ദി ആഘോഷം സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ആഘോഷ പരിപാടി സംബന്ധിച്ച് ഇടവകകള്‍ക്ക് അയച്ച സര്‍ക്കുലര്‍ ചുവടെ

സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്റെയും അതിന്റെ ആസ്ഥാന അതിരൂപതയായി എറണാകുളം വികാരിയാത്തിനെ ഉയര്‍ത്തിയതിന്റേയും ശതാബ്ദി 2022 ഡിസംബര്‍ 21 മുതല്‍ നാം ആഘോഷിക്കുകയായിരുന്നല്ലോ. കഴിഞ്ഞ നൂറ് വര്‍ഷക്കാലം നമ്മുടെ സഭയെയും അതിരൂപതയെയും വളര്‍ത്തിയ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും സമര്‍പ്പിതരെയും ദൈവജനത്തെയും നന്ദിപൂര്‍വ്വം ഓര്‍ക്കാം.

ശതാബ്ദി സമാപനം അതിരൂപത തലത്തില്‍

ഈ മാസം 21 ന് അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാ ബലിയര്‍പ്പിച്ചും സ്‌തോത്ര ഗീതം ആലപിച്ചും ദൈവം നമുക്ക് നല്‍കിയ അളവറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കാം. ശതാബ്ദി സമാപനദിനത്തിലോ അല്ലെങ്കില്‍ അതിന് മുന്‍പുള്ള മറ്റേതെങ്കിലും ദിനത്തിലോ ദിവ്യകാരുണ്യ ആരാധന നടത്തുന്നത് ഉചിതമായിരിക്കും.

ശതാബ്ദി സമാപനം സഭാതലത്തില്‍

സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപനത്തിന്റെ സഭാതലത്തിലുള്ള ശതാബ്ദി സമാപനാഘോഷത്തില്‍ ഡിസംബര്‍ 21 ന് നടത്തുന പരിപാടികളില്‍ മേജര്‍ ആര്‍ച്ച് ബിഷപ് നല്‍കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് നമുക്ക് പങ്കുചേരാം. സഭയില്‍ നേതൃത്വ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സിനഡ് പിതാക്കന്മാരോടുമൊപ്പം സഭാപ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും പരിശുദ്ധാത്മാവിന്റെ നിറവ് ലഭിക്കാന്‍ വേണ്ടി ഈ ദിനത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാമെന്നുമാണ് സര്‍ക്കുലര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.