തൃശൂര്‍: പണം വെച്ചുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി ചുമത്താന്‍ മന്ത്രിസഭാ തീരുമാനം. ഇത് നിര്‍ണയിക്കുന്നതില്‍ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും. തൃശൂര്‍ രാമനിലയത്തില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കാസിനോ, കുതിരപന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്ടി ഈടാക്കാന്‍ അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്ടി നിയമത്തില്‍ കൊണ്ടു വരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകള്‍ നീക്കുന്നതിനുളള വ്യവസ്ഥകളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. ഭേദഗതികള്‍ക്ക് 2023 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക.
വ്യവസായ ആവശ്യങ്ങള്‍ക്കായി വ്യവസായ ഏരിയയില്‍ സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. കേരള ഗവണ്‍മെന്റ് ലാന്റ് അലോട്ട്‌മെന്റ് ആന്റ് അസൈന്‍മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പര്‍പ്പസ് റൂള്‍സ് 2023 അംഗീകരിക്കാനും തീരുമാനിച്ചു.
സര്‍ക്കാരിന്റെ കാര്യനിര്‍വഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളില്‍ ഭേദഗതി വരുത്താന്‍ ഗവര്‍ണറുടെ അനുമതി തേടും. ശിക്ഷാ ഇളവ് നല്‍കുന്നത് സംബന്ധിച്ചാണ് ഭേദഗതി. ശിക്ഷാ ഇളവ് നല്‍കുന്നത് മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
കേരള ജുഡീഷ്യല്‍ സര്‍വീസിലെ മുന്‍സിഫ്- മജിസ്‌ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യും. മുന്‍സിഫ്- മജിസ്‌ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് ( ജൂനിയര്‍ ഡിവിഷന്‍ ) എന്നും സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് ( സീനിയര്‍ ഡിവിഷന്‍ ) എന്നുമാണ് പുനര്‍നാമകരണം ചെയ്യുക. ഇതിനായി 1991 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.