മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനും മാര്‍ ബോസ്‌കോ പുത്തൂരിനും പുതിയ ചുമതല

മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനും മാര്‍ ബോസ്‌കോ പുത്തൂരിനും പുതിയ ചുമതല

അടുത്ത സീറോ മലബാര്‍ സഭാ സിനഡില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കും.

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ അര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു.

സീറോ മലബാര്‍ സഭയുടെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി  കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വൈകാതെ ചുമതലയേല്‍ക്കും. എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരും സ്ഥാനമേല്‍ക്കും.

ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്നും വിരമിക്കാനുള്ള തന്റെ ആവര്‍ത്തിച്ചുള്ള ആഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോള്‍ തന്റെ രാജിക്കത്തിന് അംഗീകാരം നല്‍കിയതെന്ന് സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  പറഞ്ഞു.

2011 മെയ് 29 നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായത്. പിന്നീട് 2019 ജൂലൈ 19ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് വിരമിക്കാനുള്ള അനുമതി തേടി പരിശുദ്ധ സിംഹാസനത്തിന് കത്ത് നല്‍കിയിരുന്നതായി അദേഹം വ്യക്തമാക്കി.

'നമ്മുടെ സഭയിലെ വര്‍ധിച്ചു വരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂര്‍വം പരിഗണിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനു വേണ്ടി ഞാന്‍ താല്‍പര്യത്തോടെ അഭ്യര്‍ഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുന്‍പ് സിറോ മലബാര്‍ സഭാ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

''പ്രാര്‍ഥനാ പൂര്‍വമുള്ള പുനരാലോചനകള്‍ക്കു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് 2021 നവംബര്‍ 15 ന് എന്റെ രാജി പരിശുദ്ധ പിതാവിന് വീണ്ടും സമര്‍പ്പിച്ചു. ഇതില്‍ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും ഒരു വര്‍ഷത്തിനു ശേഷം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തില്‍ നിന്ന് വിരമിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു'- മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങള്‍ക്കൊണ്ട് തന്നെയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനും വിരമിക്കാന്‍ മാര്‍പാപ്പ അനുമതി നല്‍കിയതെന്ന് മാര്‍ ആലഞ്ചേരിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വ്യക്തമാക്കി.

അടുത്ത സീറോ മലബാര്‍ സഭാ സിനഡില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.