ദുബായിലെ ബാങ്കുകളെ കബളിപ്പിച്ച് 300 കോടി തട്ടിയ മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍; കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്ന്

ദുബായിലെ ബാങ്കുകളെ കബളിപ്പിച്ച് 300 കോടി തട്ടിയ മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍; കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്ന്

കൊച്ചി: ദുബായിലെ വിവിധ ബാങ്കുകളില്‍ നിന്ന് 300 കോടി തട്ടിയെടുത്ത കേസില്‍ മലയാളി വ്യവസായിയായ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായി.

കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചനകള്‍. കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ദുള്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള 25 സ്ഥലങ്ങളിലും ഇഡിയുടെ റെയ്ഡ് നടത്തി.

ദുബായ് ഭരണ കൂടത്തിന്റെ കൂടി ആവശ്യ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു.

2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുള്‍ റഹ്മാന്‍ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ പണം കേരളത്തില്‍ എത്തിച്ച് ഇവിടെ വിവിധ മേഖലകളില്‍ നിക്ഷേപിക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നു വരികയാണ്.

പ്രധാനമായും റിയല്‍ എസ്റ്റേറ്റ,് സിനിമ അടക്കമുള്ള മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നതെന്നാണ് വെളിപ്പെടുത്തല്‍. മലയാളത്തിലെ പല പ്രമുഖ ചിത്രങ്ങളിലും ഇദേഹം പണം മുടക്കിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയുടെ ഏകദേശം 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുള്‍ റഹ്മാന്‍ ആണെന്നാണ് ഇ.ഡി കണ്ടെത്തല്‍. മാത്രമല്ല ഇയാള്‍ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഡാലിയ ബില്‍ഡേഴ്സിന്റെ പാര്‍ട്ണറാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.

മറ്റു ചില ചിത്രങ്ങളുമായി ഇദ്ദേഹത്തിന് സാമ്പത്തിക ബന്ധമുണ്ടെന്നുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. അബ്ദുള്‍ റഹ്മാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും ഇഡി കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.