ഭൂമിയിലെ പറുദീസയിലേക്ക് ഇനി വേഗം എത്താം; രാജ്യത്തെ 49-ാം വന്ദേ ഭാരത് കാശ്മീര്‍ താഴ്‌വരയിലേക്ക്

ഭൂമിയിലെ പറുദീസയിലേക്ക് ഇനി വേഗം എത്താം; രാജ്യത്തെ 49-ാം വന്ദേ ഭാരത് കാശ്മീര്‍ താഴ്‌വരയിലേക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ മുഖം മാറുന്നു. ജമ്മുവിലേക്ക് ആദ്യ വന്ദേ ഭാരത് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. രാജ്യത്തെ 49-ാമത്തെ വന്ദേ ഭാരത് ഉധംപൂര്‍-ശ്രീനഗര്‍-ബാരമുള്ള റെയില്‍ ലിങ്ക് വഴി സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ട്രെയിനാണ് ഇത്.

കഴിഞ്ഞ ദിവസം റംബാന്‍ ജില്ലയിലെ ബനിഹാല്‍, ഖാരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ 15 കിലോമീറ്റര്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. കാശ്മീര്‍ താഴ് വര ഇന്ത്യന്‍ റെയില്‍വെ ശൃംഖലയുമായി ബന്ധിപ്പിച്ചാല്‍ ജമ്മു-ശ്രീനഗര്‍ യാത്ര സൗകര്യം വര്‍ധിക്കുന്നതിനൊപ്പം സമയ ലാഭവും ഉണ്ടാകും. പുതിയ റെയില്‍വേ ലിങ്ക് വഴി ജമ്മു-ശ്രീനഗര്‍ യാത്രയ്ക്ക് 3.5 മണിക്കൂറായി കുറയും.

കാശ്മീരിന്റെ മാത്രം സ്വന്തമായ ആപ്പിളും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളും എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചെനാബ് പാലത്തിലെ ടൂറിസം സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഏതാനും സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

272 കിലോമീറ്റര്‍ നീളമുള്ളതാണ് ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുല റെയില്‍ ലിങ്ക് പദ്ധതി. ഉധംപൂര്‍-കത്ര, കത്ര-ബനിഹാല്‍, ബനിഹാല്‍-ഖാസിഗുണ്ട്, ഖാസിഗുണ്ട്-ബാരാമുള്ള എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് ഇത് തിരിച്ചിരിക്കുന്നു. ഉധംപൂരില്‍ നിന്ന് കത്രയിലേക്കുള്ള 25 കിലോമീറ്റര്‍ ദൂരമുള്ള ആദ്യ പാദം 2014 ജൂലൈയില്‍ വിജയകരമായി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്തിരുന്നു.

പിര്‍ പഞ്ചല്‍ ടണല്‍ ഉള്‍പ്പെടുന്ന ലെഗ്-3, ബനിഹാല്‍ മുതല്‍ ഖാസിഗുണ്ട് വരെ 18 കിലോമീറ്റര്‍ നീളമുള്ള പാത 2013 ജൂണില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഖാസിഗുണ്ട് മുതല്‍ ബാരാമുള്ള വരെയുള്ള 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അവസാന പാദം (ലെഗ്-4) മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി. ലെഗ്- 2ന്റെ ഭാഗമായി കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള 111 കിലോമീറ്റര്‍ പാതയുടെ പ്രവൃത്തി ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വന്ദേ ഭാരത് സര്‍വീസ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.