'മാതൃത്വം മൂലം സ്ത്രീ പിന്നിലാക്കപ്പെടുന്നത് ലിംഗ വിവേചനം; ജോലിക്ക് അപേക്ഷിക്കാന്‍ ഗര്‍ഭധാരണം തടസമാകരുത്': ഹൈക്കോടതി

'മാതൃത്വം മൂലം സ്ത്രീ പിന്നിലാക്കപ്പെടുന്നത് ലിംഗ വിവേചനം; ജോലിക്ക് അപേക്ഷിക്കാന്‍ ഗര്‍ഭധാരണം തടസമാകരുത്': ഹൈക്കോടതി

കൊച്ചി: ഗര്‍ഭധാരണമോ മാതൃത്വമോ സര്‍ക്കാര്‍ ജോലിക്കായുള്ള ഒരു സ്ത്രീയുടെ ആഗ്രഹത്തിന് തടസമാകരുതെന്ന് ഹൈക്കോടതി. സാഹചര്യങ്ങള്‍ക്കനുസരിച്ച് യാഥാര്‍ഥ്യ ബോധത്തോടെ വേണം ലിംഗ സമത്വം നടപ്പാക്കേണ്ടതെന്നും കോടതി പരഞ്ഞു.

പ്രസവാവധിയിലായതിനാല്‍ റേഡിയോ ഡയഗ്‌നോസിസ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്,നിശ്ചിത യോഗ്യതയായ ഒരു വര്‍ഷ പ്രവൃത്തി പരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ പുരുഷനും സ്ത്രീയും പങ്കാളികളാണെങ്കിലും പുരുഷന് ഗര്‍ഭധാരണത്തിന്റെ ഭാരമില്ല. അതുകൊണ്ട് തന്നെ നിയമനങ്ങളിലും മറ്റും സ്ത്രീയേക്കാള്‍ മുന്നിലെത്താനാവുന്നു. ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെ സ്ത്രീയെ പിന്നിലാക്കുന്ന അവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു.

മാതൃത്വം മൂലം സ്ത്രീ പിന്നിലാക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നത് ലിംഗ വിവേചനമാണ്. ലിംഗ സമത്വം എന്നാല്‍ ഇതുകൂടി പരിഗണിച്ചുകൊണ്ടാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാതൃത്വം സര്‍ക്കാര്‍ ജോലിയെന്ന സ്ത്രീയുടെ അഭിലാഷത്തിന് വിഘാതമാകരുത്. ഇത്തരം യാഥാര്‍ഥ്യങ്ങളെ നിയമവും ചട്ടവും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പ്രസവ അവധിയില്‍ ആയതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഡോ. ആതിരയും കൊല്ലം സ്വദേശി ഡോ. ആര്യയുമാണ് കോടതിയെ സമീപിച്ചത്. എഴുത്തു പരീക്ഷയാവുമ്പോഴേക്കും നിശ്ചിത പ്രവൃത്തി പരിചയം നേടാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് അഡ്മിനസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും പി.എസ്.സി നിര്‍ദേശിക്കുന്ന സമയത്തില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അനുമതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.