ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായ എല്‍.കെ അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ വരേണ്ടതില്ലെന്ന് ക്ഷേത്ര ട്രസ്റ്റ്.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിലേക്ക് വരരുതെന്ന് ഇരുവരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്് റായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
'ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്. അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യര്‍ത്ഥിച്ചു. അവര്‍ അത് അംഗീകരിച്ചു'- ചമ്പത് റായ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അദ്വാനിക്ക് ഇപ്പോള്‍ 96 വയസുണ്ട്. ജോഷിക്ക് അടുത്ത മാസം 90 തികയും. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളാണ് ഇരുവരും. രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യമുയര്‍ത്തി 1990 ല്‍ ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് അദ്വാനി നടത്തിയ രാമരഥയാത്ര ബിജെപിക്ക് ഏറെ ഊര്‍ജം പകര്‍ന്നിരുന്നു.
പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണന്നും അടുത്തമാസം പതിനഞ്ചോടെ എല്ലാം പൂര്‍ത്തിയാവുമെന്നും ചമ്പത് റായ് പറഞ്ഞു. ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങ്.
ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, സംവിധായകന്‍ മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന്‍ വാസുദേവ് കാമത്ത് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.