'വീഴ്ച വരുത്തരുത്, നിരീക്ഷണം ശക്തമാക്കണം'; കോവിഡ് വ്യാപനത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

'വീഴ്ച വരുത്തരുത്, നിരീക്ഷണം ശക്തമാക്കണം'; കോവിഡ് വ്യാപനത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. മുന്‍കരുതല്‍ നടപടികള്‍ക്ക് ഒരു വീഴ്ചയും വരുത്തരുതെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുകയും പുതിയ വകഭേദം കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ വിളിച്ച യോഗത്തിലാണ് നിര്‍ദേശം.

എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. എന്നാല്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍.

ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാണെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിന് പിന്നാലെ കോവിഡിന്റെ പുതിയ വകഭേദമായ ജെ.എന്‍1 ഗോവയിലും മഹാരാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോവയിലെ ചലച്ചിത്ര മേളയ്ക്ക് ശേഷമുള്ള പരിശോധനയില്‍ 18 പുതിയ കേസുകള്‍ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയില്‍ രോഗ ലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് ജെ.എന്‍1 സ്ഥിരീകരിച്ചത്.

കേരളത്തില്‍ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളോടും ജാഗരൂകരായിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഗോവയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.