പ്രതിഷേധം തുടര്‍ന്ന് ഗുസ്തി താരങ്ങള്‍: പത്മശ്രീ തിരിച്ച് നല്‍കി ബജ്റംഗ് പൂനിയ; പ്രധാനമന്ത്രിക്ക് കത്തയച്ചു

പ്രതിഷേധം തുടര്‍ന്ന് ഗുസ്തി താരങ്ങള്‍: പത്മശ്രീ തിരിച്ച് നല്‍കി ബജ്റംഗ് പൂനിയ;  പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങിനെ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ.

പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ച് അദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യത്തിന്റെ അഭിമാനതാരമായ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു.

മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കാനുള്ള പൂനിയയുടെ തീരുമാനം.

തനിക്ക് രാജ്യം നല്‍കിയ ആദരം തിരിച്ചു നല്‍കുന്നതായി പൂനിയ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണെയും അദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്ര കായിക മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും പൂനിയ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബിജെപി എംപി ബ്രിജ്ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.