ക്യൂവും വേണ്ട, ചെലാനും വേണ്ട; വരുന്നൂ....സര്‍ക്കാര്‍ വക ആപ്പ് ട്രഷറി പേ

ക്യൂവും വേണ്ട, ചെലാനും വേണ്ട; വരുന്നൂ....സര്‍ക്കാര്‍ വക ആപ്പ് ട്രഷറി പേ

കൊച്ചി: ഗൂഗിള്‍ പേയും ഫോണ്‍ പേയും പോലെ ട്രഷറി പേ ആപ്പ് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിലേ്ക്ക് പണം അടയ്ക്കാന്‍ മണിക്കൂറോളം വിവിധ ട്രഷറി കൗണ്ടറുകളില്‍ ക്യൂ നില്‍ക്കേണ്ട പൊതുജനങ്ങളുടെ ഗതികേട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആപ്പ് നിര്‍മിക്കുന്നത്. ഇതിനുള്ള സാധ്യതകള്‍ ആരായുകയാണ് ധനകാര്യ വകുപ്പ്.

ഓണ്‍ലൈനായി പണം അടയ്ക്കാവുന്ന ഇ-പേയ്‌മെന്റ് സൗകര്യം ട്രഷറിയില്‍ ഏര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും മിക്ക സര്‍ക്കാര്‍ വകുപ്പുകളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു പണമടയ്ക്കാന്‍ കാലാകാലങ്ങളായി ജനം ആശ്രയിക്കുന്നതു ട്രഷറി ശാഖകളെയാണ്. പെന്‍ഷന്‍ വിതരണമുള്ളതിനാല്‍ മാസത്തിന്റെ ആദ്യം ഏറ്റവുമധികം തിരക്കുള്ള സര്‍ക്കാര്‍ ഓഫിസും ട്രഷറിയാണ്.

ട്രഷറിയിലേയ്ക്ക് ഓണ്‍ലൈനായി പണമടയ്ക്കാന്‍ കഴിഞ്ഞാല്‍ തിരക്ക് ഗണ്യമായി കുറയും. നിലവില്‍ അതിനു സംവിധാനമുണ്ടെങ്കിലും എല്ലാ വകുപ്പുകളും ഈ സൗകര്യത്തോടു സഹകരിക്കാത്തതാണ് ഇപ്പോഴും ശാഖകളിലെ ഈ തിരക്കിനു മുഖ്യകാരണം.

ട്രഷറിയില്‍ പണമടച്ച് ചെലാന്‍ കൈപ്പറ്റാന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള സംവിധാനമാണ് ഇപ്പോഴും. ചെലാന്‍ ഫോം പൂരിപ്പിച്ച് ആദ്യം ഒരു കൗണ്ടറില്‍ ഹാജരാക്കണം. അതിനായി അവിടെ ക്യൂ നില്‍ക്കണം. ചെലാനില്‍ നമ്പര്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പണം അടയ്ക്കാന്‍ അടുത്ത കൗണ്ടറില്‍ ക്യൂ നില്‍ക്കണം. പണം അടച്ചാല്‍ ഉടന്‍ രസീതു ലഭിക്കില്ല. അടുത്ത കൗണ്ടറില്‍ പോയി ഊഴം കാത്തു നില്‍ക്കണം. പേരു വിളിക്കുമ്പോള്‍ ചെലാന്‍ വാങ്ങി മടങ്ങാം. ഇത്രയും കഴിയുമ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നഷ്ടമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.