ഗുസ്തിക്കാരോട് ഒരു കൈ നോക്കാന്‍ ഗോദയിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതിഷേധക്കാര്‍ക്ക് പിന്തുണ

ഗുസ്തിക്കാരോട് ഒരു കൈ നോക്കാന്‍ ഗോദയിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതിഷേധക്കാര്‍ക്ക് പിന്തുണ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനെതിരെ ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ അഖാഡയില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സ്ഥലത്തെത്തിയ രാഹുല്‍ താരങ്ങള്‍ക്കൊപ്പം വ്യായാമത്തിനും ഗുസ്തിയില്‍ ഒരു കൈ നോക്കാനും ഗോദയിലിറങ്ങി.

താരങ്ങളും ഫെഡറേഷനും തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ ധാര്‍മ്മിക പിന്തുണ അറിയിക്കാനാണ് രാഹുല്‍ ഗാന്ധി അഖാഡയിലെത്തിയത്. ഗുസ്തിക്കാരുടെ ദൈനംദിന കാര്യങ്ങള്‍ കണ്ട് മനസിലാക്കുന്നതിനാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അര്‍ജുന അവാര്‍ഡ് ജേതാവ് ബംജ്റംഗ് പൂനിയ പ്രതികരിച്ചു.

രാഹുല്‍ ഗോദയില്‍ തങ്ങള്‍ക്കൊപ്പം ഗുസ്തി ചെയ്തതായും അദേഹത്തിന് ജിയു ജിട്സുവിലുള്ള പ്രാവീണ്യം ഗോദയില്‍ പ്രകടിപ്പിച്ചുവെന്നും പൂനിയ വ്യക്തമാക്കി. ഗുസ്തിക്കാര്‍ക്കൊപ്പം രാഹുല്‍ പ്രഭാത ഭക്ഷണവും കഴിച്ചു. ബജ്റേ കി റൊട്ടിയും ഹരാ സാഗും തൈരുമായിരുന്നു വിഭവങ്ങള്‍.

'ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തില്‍ ചേരാന്‍ ഈ ആളുകള്‍ക്ക് അഖാഡയിലെ ഗുസ്തി ഉപേക്ഷിക്കേണ്ടി വന്നാല്‍, ഈ പാത തിരഞ്ഞെടുക്കാന്‍ അവരുടെ കുട്ടികളെ ആരാണ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ചോദ്യം.

ഈ ആളുകള്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ ലളിതമായി ജീവിക്കുന്ന ആളുകളാണ്. അവരെ ത്രിവര്‍ണ പതാകയെ സേവിക്കാന്‍ അനുവദിക്കൂ'- സന്ദര്‍ശന അശേഷം രാഹുല്‍ ഗാന്ധി എക്സില്‍ എഴുതി.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബിജെപി എംപി ബ്രിജ് ഭൂഷണിനെതിരെ താരങ്ങള്‍ ലൈംഗിക ആരോപണങ്ങളുയര്‍ത്തിയിട്ടും എംപിയെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ ഉയര്‍ത്തിയത്.

ബ്രിജ് ഭൂഷണിന്റെ വിശ്വസ്തന്‍ സഞ്ജയ് കുമാര്‍ സിങ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായതോടെ പ്രതിഷേധം കനപ്പിച്ച ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സമ്മര്‍ദ്ദത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.