തമിഴകത്തിന്റെ ക്യാപ്റ്റൻ ഇനി ഓർമ്മ; നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

തമിഴകത്തിന്റെ ക്യാപ്റ്റൻ ഇനി ഓർമ്മ; നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ മരണവാർത്ത സ്ഥിരീകരിച്ചത്.

കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25 ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച വിജയകാന്ത് 'പുരട്ചി കലൈഞ്ജർ' എന്നും 'ക്യാപ്റ്റൻ' എന്നുമാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചു തുടങ്ങി.

നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010 ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാന വേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015 ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.