രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും. അടുത്ത മാസം 22 ലെ ചടങ്ങിന് എത്തിയേക്കുമെന്നാണ് വിവരം. വ്യക്തിപരമായ ക്ഷണം എന്ന നിലയിലായിരിക്കും പങ്കെടുക്കുക. പങ്കെടുക്കാനുള്ള തീരുമാനം സോണിയ ഗാന്ധി സ്വയം എടുത്തതാണ്.

ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കാതിരുന്നാൽ തിരിച്ചടിയാകുമോ എന്നാണ് ഹൈക്കമാൻഡിന്റെ ആശങ്ക. ചടങ്ങിൽ പങ്കെടുക്കാതിരുന്നാൽ ബിജെപി ആ അസാന്നിധ്യം തിരഞ്ഞെടുപ്പിൽ മാരകായുധമായി പ്രയോഗിക്കുമെന്നും ഹിന്ദി ഹൃദയ ഭൂമിയിൽ വീണ്ടും തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ഘടകക്ഷികളുമായുള്ള ചർച്ചയിൽ ഇക്കാര്യം കോൺഗ്രസ് വിശദീകരിച്ചെന്നാണ് വിവരം.

അതേസമയം വിഷയത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നാഭിപ്രായമാണ്. ഇന്ത്യ ബ്ലോക്കിലെ ലീഗ് അടക്കം ഘടകക്ഷികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് സോണിയ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. പങ്കെടുക്കുന്നത് വ്യക്തിപരമെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചപ്പോള്‍ അക്കാര്യത്തില്‍ കെപിസിസി അല്ല ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.