ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുക്കികളും മെയ്‌തേയികളും തമ്മില്‍ കാങ്‌പോകി ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മണിപ്പൂരില്‍ പൊലീസും സൈന്യവും കനത്ത ജാഗ്രതയിലാണ്.
ഡിസംബര്‍ നാലിന് മണിപ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം അല്‍പമൊന്ന് ശാന്തമായ മണിപ്പൂര്‍ രണ്ട് ദിവസമായി വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി.
മണിപ്പൂരിലെ അതിര്‍ത്തി നഗരമായ മൊറേയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സായുധ സംഘം പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ചത്. ഐഇഡി ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് സുരക്ഷാ സേന സായുധ സംഘത്തിന് നേരെ വെടിയുതിര്‍ത്തു.
ആക്രമണത്തിനിടെ പരിക്കേറ്റ പൊലീസുകാരന്‍ അസം റൈഫിള്‍സ് ക്യാമ്പില്‍ ചികിത്സയില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെറേയില്‍ നിന്ന് അടുത്തുള്ള ചെക്ക് പോസ്റ്റിലേക്ക് പൊലീസിന്റെ വാഹനവ്യൂഹം സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൊറേയില്‍ രണ്ട് വീടുകള്‍ക്ക് അക്രമികള്‍ തീവെച്ചു. ഈ മാസം ആദ്യം മണിപ്പൂരില്‍ അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ജവാനും സിവിലിയനും കൊല്ലപ്പെട്ടിരുന്നു. കാങ്‌പോകി ജില്ലയിലാണ് അന്ന് ആക്രമണമുണ്ടായത്.
മണിപ്പൂരില്‍ മെയ്‌തേയി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ മേയ് മൂന്നിന് തുടങ്ങിയ വംശീയ സംഘര്‍ഷത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. മെയ്‌തേയി സമുദായത്തിന്റെ സംവരണ ആവശ്യത്തിനെതിരെ കുക്കി, സോ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ ഇരുനൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.