ഫാദര്‍ ഷൈജു കുര്യന്റെ ബിജെപി അംഗത്വം: അരമനയ്ക്ക് മുന്നില്‍ വിശ്വാസികളുടെ വന്‍ പ്രതിഷേധം

ഫാദര്‍ ഷൈജു കുര്യന്റെ ബിജെപി അംഗത്വം: അരമനയ്ക്ക് മുന്നില്‍ വിശ്വാസികളുടെ വന്‍ പ്രതിഷേധം

പത്തനംതിട്ട: നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിനെതിരെ സഭാ വിശ്വാസികളുടെ വന്‍ പ്രതിഷേധം. വൈദികര്‍ ഉള്‍പ്പടെയുള്ളവരാണ് റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.

റാന്നി ഇട്ടിയപ്പാറയിലെ ഓര്‍ത്തഡോക്‌സ് സഭാ നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കമുള്ളവര്‍ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവെച്ച് ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപൊലീത്ത സ്ഥലംവിട്ടെന്നും വിശ്വാസികള്‍ ആരോപിച്ചു.

ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ക്രിമിനല്‍ കേസുകളില്‍ അടക്കം ഉടന്‍ പ്രതിയാകും. ഫാദറിനെതിരെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും മാതൃകാപരമായി ജീവിക്കേണ്ട വ്യക്തി അതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിശ്വാസികള്‍ പ്രതിഷേധിക്കുമെന്നും സഭാ അംഗമായ ഷിബു തോണിക്കടവില്‍ പറഞ്ഞു.

സാമ്പത്തിക ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കൂടിയാണ് ബിജെപി പ്രവേശനമെന്നും സഭാ വിശ്വാസികള്‍ ആരോപിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ സഭാ അധ്യക്ഷന് പരാതി നല്‍കി. നടപടി വന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.

ഡിസംബര്‍ 30ന് എന്‍.ഡി.എ ജില്ലാ ഘടകം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് സ്‌നേഹ സംഗമത്തില്‍വച്ചാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അദേഹത്തോടൊപ്പം 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.