'ഇല്ലം വേണ്ട, കൊല്ലം മതി': സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഇനിയുള്ള അഞ്ച് നാള്‍ കൊല്ലത്ത് കലയുടെ മാമാങ്കം

 'ഇല്ലം വേണ്ട, കൊല്ലം മതി':  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഇനിയുള്ള അഞ്ച് നാള്‍ കൊല്ലത്ത് കലയുടെ മാമാങ്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമ മൈതാനത്ത് ഇന്ന് തിരശീല ഉയരും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ് കുമാര്‍, പി.എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍. 24 വേദികളിലായാണ് ഇക്കുറി മത്സരങ്ങള്‍ നടക്കുന്നത്. സാംസ്‌കാരിക നായകന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ആദ്യദിനം 59 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. കൊല്ലം ഗവ. എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന് തുടക്കമായി. കലോത്സവ വിജയികള്‍ക്ക് നല്‍കാനുള്ള സ്വര്‍ണക്കപ്പ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ കുളക്കടയില്‍ വെച്ച് മന്ത്രി വി.ശിവന്‍കുട്ടി ഏറ്റുവാങ്ങി.

കൊല്ലത്തെ 23 സ്‌കൂളുകളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കുന്നതിന് 30 സ്‌കൂള്‍ ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഇരുപത്തിയഞ്ച് ഓട്ടോ റിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്.

പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോ റിക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കും.

കൊല്ലം ക്രേവന്‍ സ്‌കൂളിലാണ് 2000 പേര്‍ക്ക് ഒരേ സമയം കഴിക്കാന്‍ കഴിയുന്ന രീതിയില്‍ വിശാലമായ ഊട്ടുപ്പുര സജ്ജമാക്കിയിരിക്കുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.

ജനുവരി എട്ടിന് വൈകുന്നേരത്തോടെ കലാമേള സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.